കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിലെ ഉള്ളറക്കഥകൾ ഉടൻ വെളിച്ചം കാണും. സർവ്വീസിലുടനീളം സത്യസന്ധത മുഖമുദ്രയാക്കിയ ടി.പി.സെൻകുമാർ അദ്ദേഹത്തിന്റെ സർവ്വീസ് സ്റ്റോറി ഉടൻ പുറത്തിറക്കും. മലയാളത്തിലെ പ്രമുഖ പബ്ളിഷേഴ്സായ ഡി.സി.ബുക്സാണ് സെൻകുമാറിന്റെ സർവ്വീസ് സ്റ്റോറി പുറത്തെത്തിക്കുന്നത്. രാഷ്ട്രീയ മത വിഭാഗങ്ങളെ വിവാദങ്ങളിലേക്കാഴ്ത്തിയ ഐ.എസ്.ആർ.ഒ, സ്ത്രീ പീഡനങ്ങൾ,മത തീവ്രവാദം,അഴിമതി കേസുകൾ, കവർച്ചാ കേസുകൾ തുടങ്ങി അധികാര ഇടനാഴികളിലെ അരമന രഹസ്യങ്ങൾ പുറത്ത് വരുമെന്ന സൂചന നൽകിക്കൊണ്ടുളള പുസ്തകത്തിന്റെ കവർ ഫോട്ടോ സെൻകുമാർ ഫേസ്ബുക്കിൽ പങ്കുവച്ചു.
മൂന്നര പതിറ്റാണ്ടിലധികം പൊലീസ് സേവനത്തിൽ മികച്ച സേവനം കാഴ്ച വച്ച ഉദ്യോഗസ്ഥനാണ് ടി.പി.സെൻകുമാർ. 1983 മുതൽ കേരളക്കര ചർച്ച ചെയ്ത നിരവധി കേസുകളുടെ നേർച്ചിത്രം ഈ പുസ്തകത്തിലൂടെ അനാവരണം ചെയ്യും. അധികാരികൾക്ക് മുൻപിൻ നട്ടെല്ല് വളയ്ക്കാതെ നിന്ന ഈ ഐ.പി.എസ് ഉദ്യോഗസ്ഥനെ സർവ്വീസിലെ നല്ലൊരു കാലം യൂണിഫോം ഡ്യൂട്ടികളിൽ നിന്നും ഒഴിവാക്കി പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്തിരുത്തുവാനാണ് ഭരണകൂടങ്ങൾ ശ്രമിച്ചിരുന്നത്. എന്നാൽ കെ.എസ്.ആർ.ടിയിലടക്കം നിയോഗിച്ചപ്പോഴും മികവുറ്റ രീതിയിൽ പ്രവർത്തിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
പിണറായി വിജയൻ മുഖ്യമന്ത്രിയായി എത്തിയപ്പോൾ ഡി.ജി.പി സ്ഥാനത്ത് പൊലീസ് തലവനായിരുന്ന സെൻകുമാറിനെ മാറ്റി ലോക് നാഥ് ബഹറയെ നിയമിച്ചത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു. തുടർന്ന് സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടത്തി നഷ്ടമായ സ്ഥാനം തിരിച്ചു പിടിച്ച് ടി.പി.സെൻകുമാർ പുതുചരിത്രം കുറിക്കുകയായിരുന്നു. വിരമിച്ചയുടനെ സർവ്വീസ് സ്റ്റോറി എഴുതുമെന്ന സൂചന അദ്ദേഹം നൽകിയിരുന്നു. ശബരിമല വിഷയത്തിലടക്കം സംഘപരിവാർ രാഷ്ട്രീയത്തിനോട് ചേർന്ന് പ്രവർത്തിക്കുകയാണ് ടി.പി.സെൻകുമാറിപ്പോൾ. തിരഞ്ഞെടുപ്പിന്റെ വക്കിൽ എത്തിയ സമയത്താണ് തന്റെ സർവ്വീസ് സ്റ്റോറിയുടെ കവർ ചിത്രം സമൂഹ മാദ്ധ്യമത്തിലൂടെ സെൻകുമാർ പുറത്ത് വിട്ടിരിക്കുന്നത്.