കൊച്ചി: ആലുവയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന കുട്ടിയെ മർദിച്ചത് അമ്മ തന്നെയാണെന്ന് കുറ്റസമ്മതം നടത്തിയാതയി പൊലീസ് വ്യക്തമാക്കി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അമ്മ കുറ്റസമ്മതം നടത്തിയത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. തുടർച്ചയായ മർദനമാണ് കുട്ടി നേരിട്ടതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, കുട്ടിയുടെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
അനുസരണക്കേട് കാണിച്ചതിനാണ് കുട്ടിയെ ശിക്ഷിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ബാലനീതി നിയമം അനുസരിച്ചും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ചട്ടുകം കൊണ്ട് ശരീരമാസകലം പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയുമായിരുന്നെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. അമ്മയെയും അച്ഛനെയും വിശദമായി ചോദ്യം ചെയ്ത പൊലീസ് ഇവരുടെ അയൽവാസികളിൽ നിന്നും മൊഴിയെടുത്തു. കുട്ടിയുടെ അച്ഛന് സംഭവത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. കുട്ടിയുടെ അച്ഛൻ ബംഗാൾ സ്വദേശിയും അമ്മ ജാർഖണ്ഡ് സ്വദേശിയുമാണ്. ഇവർക്ക് എന്തെങ്കിലും ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്ന് അറിയുന്നതിനായി കേരള പൊലീസ് ജാർഖണ്ഡ് പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ക്രൂരമായ മർദനമേറ്റ മൂന്ന് വയസുകാരനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിതാവാണ് മർദനമേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന കുട്ടിയുടെ ജീവൻ നിലനിറുത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. മർദനത്തിൽ തലയോട്ടിക്കും തലച്ചോറിനും കാര്യമായ പരിക്കേറ്റിട്ടുണ്ട്. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.