bjp

കൊല്ലം : തിരഞ്ഞെടുപ്പ് പ്രചരണം മൂർദ്ധന്യാവസ്ഥയിലെത്തിയ വേളയിൽ വോട്ട് മറിക്കുന്നു എന്ന ആരോപണമുയർത്തി ബി.ജെ.പിയിൽ ഒരു വിഭാഗം രംഗത്ത്. കൊല്ലം മണ്ഡലത്തിലെ ബി.ജെ.പി പ്രവർത്തകരിൽ ഒരു വിഭാഗമാണ് വോട്ട് മറിക്കാൻ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ശ്രമമുണ്ടെന്ന പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. സ്ഥാനാർത്ഥി നിർണയം നടത്തിയത് മുതൽ യു.ഡി.എഫിനെ സഹായിക്കാനായി ദുർബലനായ സ്ഥാനാർത്ഥിയെ ബി.ജെ.പി രംഗത്തിറക്കിയിരിക്കുകയാണെന്ന് എൽ.ഡി.എഫ് ആരോപിച്ചിരുന്നു. ഇതേ ആക്ഷേപമാണ് ഇപ്പോൾ ബി.ജെ.പിക്കുള്ളിൽ നിന്നും ഉയരുന്നത്.

നേതൃത്വത്തിനോട് പ്രതിഷേധിച്ച് പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ മേക്ക് എ വിഷൻ എന്ന സംഘടന രൂപീകരിച്ച് പ്രവർത്തിക്കുവാനാണ് അസംതൃപ്തരായ പ്രവർത്തകർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം മീറ്റിംഗ് വിളിച്ച് ചേർത്ത് ഭാവി കാര്യങ്ങൾ തീരുമാനിക്കും. ഇപ്പോൾ പാർട്ടി വിട്ടാൽ അത് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ക്ഷീണമാവുമെന്നതിനാലാണിത്. എന്നാൽ പാർട്ടിക്കുള്ളിലെ വിഭാഗീയ നീക്കങ്ങൾ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് കൊല്ലം ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.