കൊച്ചി: ആചാരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന തിരഞ്ഞെടുപ്പിൽ ആഹാരം ചർച്ചയാകാത്തത് രാഷ്ട്രീയ അധഃപതനമെന്ന് ജനതാദൾ (എസ്) നേതാവും മുൻ മന്ത്രിയുമായ ജോസ് തെറ്റയിൽ. രാഷ്ട്രീയത്തിലും ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന തിരഞ്ഞെടുപ്പ് വിഷയങ്ങളിലും നിലവാരമില്ല. ആദ്യം ചിന്തിക്കേണ്ടത് പ്രാഥമികാവശ്യങ്ങളിൽ ഒന്നായ ആഹാരത്തെ കുറിച്ചാണ്.
ഇന്നത്തെ ആചാരം നാളെ ദുരാചാരമാവാം. പ്രശ്നങ്ങളിൽ നിന്ന് വ്യതിചലിച്ചുള്ള ചർച്ചകളാണ് ഇന്നത്തെ രാഷ്ട്രീയത്തിന്റെ മുഖ്യ പൊള്ളത്തരം. ജോസ് തെറ്റയിൽ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
നിലപാടില്ലാത്ത രാഷ്ട്രീയം
നിലപാടുകൾ തെല്ലുമില്ലാത്ത സാഹചര്യത്തിലൂടെയാണ് ഇന്ന് രാഷ്ട്രീയം കടന്നു പോകുന്നത്. തരംതാണ രീതിയിലുള്ള വ്യക്തിപരമായ പരാമർശമാണ് നിലവിൽ കേന്ദ്ര സംസ്ഥാന രാഷ്ട്രീയത്തിൽ കാണുന്നത്.
ഇന്ദിരാഗാന്ധിയുടെയോ വി.പി. സിംഗിന്റെയോ കാലത്ത് വ്യക്തിപരമായി അവഹേളിക്കുന്ന പരാമർശങ്ങളോ വെല്ലുവിളികളോ ഉണ്ടായിട്ടില്ല. എന്നാൽ ഇന്ന് കേന്ദ്രത്തിൽ രാഹുൽ ഗാന്ധിയും മോദിയും പരസ്പരം അധിക്ഷേപിക്കുന്ന പരാമർശങ്ങളാണ് നടത്തുന്നത്. ഇന്ത്യയിൽ ആദർശങ്ങളുടെയോ ആശയങ്ങളുടെയോ പ്രകടന പത്രികയുടെയോ പേരിലുള്ള മത്സരം നടക്കുന്നില്ല. നുണകൾക്ക് രാഷ്ട്രീയത്തിൽ ഏറ്റവും സ്വീകാര്യതയേറി. ഇത്രയും നുണകൾ പറയുന്ന രാഷ്ട്രീയ കാലം മുമ്പെങ്ങും ഉണ്ടായിട്ടില്ല.
കേട്ടുകേൾവിയില്ല
അവനവന്റെ സൗകര്യത്തിനായി സത്യവാർത്തകളെ വളച്ചൊടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇടത് സ്ഥാനാർത്ഥികൾക്കുള്ള വ്യക്തിപ്രഭാവവും ഗുണങ്ങളും മറ്റൊരു രാഷ്ട്രീയ പാർട്ടികൾക്കുമില്ല.
ബി.ജെ.പി നേതാക്കളുടെ നികൃഷ്ടവും ധിക്കാരപരവുമായ വർത്തമാനങ്ങൾ മുമ്പ് രാഷ്ട്രീയത്തിൽ കേട്ടുകേൾവി പോലുമില്ലാത്തതാണ്. പരസ്പരം വെല്ലുവിളിക്കുന്ന രാഷ്ട്രീയം പണ്ട് കണ്ണൂരിൽ മാത്രമായിരുന്നെങ്കിൽ ഇന്നത് സംസ്ഥാനത്തൊട്ടാകെയായിട്ടുണ്ട്. ഇത് രാഷ്ട്രീയ മാന്യതയ്ക്ക് ചേർന്നതല്ല. കോൺഗ്രസ് പതിഞ്ഞ രാഷ്ട്രീയമാണിപ്പോൾ മുന്നോട്ട് വയ്ക്കുന്നത്.
സോഷ്യലിസ്റ്റുകൾ ഒന്നിക്കണം
സോഷ്യലിസ്റ്റ് പാർട്ടികളുടെ ശിഥിലീകരണമാണ് രാജ്യത്ത് വർഗീയ പാർട്ടികളുടെ വളർച്ചയ്ക്ക് കാരണമായത്. അതിൽനിന്നും തിരിച്ചു വരാനുള്ള രാഷ്ട്രീയ കലാവസ്ഥയാണിപ്പോഴുള്ളത്. ഇത് തിരിച്ചറിഞ്ഞ് പാർട്ടികൾ പ്രവർത്തിക്കണം.
കേരളത്തിന്റെ വിലയിരുത്തലല്ല
ലോക്സഭാ തിരഞ്ഞെടുപ്പ് കേരള സർക്കാരിന്റെ വിലയിരുത്തലാണെന്ന് പറയുന്നതിൽ കാര്യമില്ല. കാരണം കേരള ഭരണത്തെക്കാൾ ഉപരി മറ്റു പല ഘടകങ്ങളും വിലയിരുത്തപ്പെടണം.
അക്ഷരാർത്ഥത്തിൽ ഇത് മോദി സർക്കാരിന്റെ വിലയിരുത്തലാണ്. കേരളത്തിലെ ഭരണം, മോദി ഭരണത്തെ വിലയിരുത്താനുള്ള അളവുകോലാണ്. എന്തെന്നാൽ ഒരു ഭരണം എങ്ങനെയാവരുതെന്നുള്ളതിന് ഉത്തമ തെളിവാണ് എൻ.ഡി.എ സർക്കാർ.
ഇടതുമുന്നണി ശക്തം
കേരളത്തിലെ ഇടതു മുന്നണിയ്ക്ക് ശക്തമായ രാഷ്ട്രീയ നിലപാട് മുന്നോട്ട് വയ്ക്കാൻ കഴിയുന്നുണ്ട്. പല മണ്ഡലങ്ങളിലും കോൺഗ്രസ് - എൻ.ഡി.എ കൂട്ടുകെട്ടു തന്നെ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ചട്ടം കെട്ടുന്നുണ്ട്.
കോൺഗ്രസിന്റെ തീവ്ര ഇടതു വിരോധം തന്നെയാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിലേക്ക് വഴിയൊരുക്കിയത്.
കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് തടയുകയെന്നതും രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിന്റെ പിന്നിലുണ്ട്. പല മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് വൻ വിജയം ലഭിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ്. ചുരുങ്ങിയത് 12 മുതൽ 14 സീറ്റ് വരെ ഇടതുപക്ഷത്തിന് ലഭിക്കുമെന്ന് ഉറപ്പാണ്.