flood

തിരുവനന്തപുരം : കഴിഞ്ഞ വർഷം കേരളത്തെ മുക്കിയ പ്രളയത്തിന് ഡാം മാനേജ്‌മെന്റിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി അമിക്കസ്‌ക്യൂരി കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ ശരിവയ്ക്കും വിധത്തിലുള്ള രേഖകൾ പ്രമുഖ ഓൺലൈൻ മാദ്ധ്യമം പുറത്ത് വിട്ടു. ഈ രേഖകൾ പ്രകാരം പ്രളയത്തിന് കാരണമായ മഴയ്ക്ക് മുൻപുതന്നെ കേരളത്തിലെ മിക്ക ഡാമുകളിലും മുൻവർഷം സംഭരിച്ചതിനെക്കാൾ ഇരട്ടി ജലം നിറച്ചിരുന്നു. മുൻ വർഷങ്ങളിൽ മൺസൂണിന് മുൻപ് ഡാമിന്റെ സംഭരണശേഷിയുടെ പത്ത് ശതമാനം മാത്രം ജലമാണ് സൂക്ഷിച്ചിരുന്നത്. മൺസൂൺ മഴക്കൊയ്ത്ത് പരമാവധി സംഭരിക്കുവാനാണ് ഇങ്ങനെ ചെയ്തിരുന്നത്. എന്നാൽ 2018 ൽ അണക്കെട്ടുകളിലെ ശരാശരി ജലനിരപ്പ് 23.77 ശതമാനമായിരുന്നു. അതേസമയം 2017 ൽ ശരാശരി ജലനിരപ്പ് 12.11 ശതമാനവുമായിരുന്നു. മുൻ വർഷങ്ങളിലേതു പോലെ ഡാമുകളിലെ ജലനിരപ്പ് കുറച്ചുനിർത്തിയിരുന്നെങ്കിൽ പ്രളയജലം വലിയതോതിൽ എത്തിയപ്പോൾ ഡാമുകളിൽ ശേഖരിച്ച് നദികളിലെ ജലവിതാനം നിയന്ത്രിക്കാമായിരുന്നു.

2018ൽ സംസ്ഥാനത്ത് വേനൽ മഴ അധികമായി ലഭിച്ചതാണ് കണക്ക്കൂട്ടലുകൾ തെറ്റിച്ചത്. ഇത് മനസിലാക്കി തീരുമാനം എടുക്കുന്നതിലുണ്ടായ പാളിച്ചയാണ് കേരളത്തെ മുക്കിയ പ്രളയം ഭീകരമാവാൻ കാരണമായത്. പ്രളയമുണ്ടായ ഉടനെ വൈദ്യുത ബോർഡിന്റെ വെബ്‌സൈറ്റിൽനിന്നു ഡാമുകളിൽ ശേഖരിക്കുന്ന ജലത്തിന്റെ അളവുകളടങ്ങിയ രേഖകൾ എടുത്തുമാറ്റിയിരുന്നു. ഇത് വീഴ്ച മറച്ച് വയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നു. പുതിയ രേഖകൾ കൂടി പുറത്ത് വന്നതോടെ ഡാം മാനേജ്‌മെന്റ് വീഴ്ചകൾ വീണ്ടും ചർച്ചയാവുകയാണ്.