attacked-

ന്യൂഡൽഹി: പശ്ചിമബംഗാളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടയിൽ സി.പി.എം സ്ഥാനാർത്ഥിയും പോളിറ്റ്ബ്യൂറോ അംഗവുമായ മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിനു നേരെ വെടിവയ്പ്പ്. റായ്ഗഞ്ചിലെ ഇസ്ലാംപുരിൽ വച്ചാണ് ആക്രമണമുണ്ടായത്. മുഹമ്മദ് സലീമിന്റെ വാഹന വ്യൂഹം കടന്നുപോകുന്നതിനിടെ ഒരു കൂട്ടം ആൾക്കാർ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. കല്ലുകളും ഇഷ്ടികകളും വാഹനങ്ങൾക്കു നേരെ എറിയുകയും ചെയ്‌തു. മുഹമ്മദ് സലീം സഞ്ചരിച്ചിരുന്ന വാഹനം പൂർണമായും തകർന്നു.

ആക്രമണത്തെ തുടർന്ന് മുഹമ്മദ് സലീമിനെ സുരക്ഷിത കേന്ദ്രത്തിലേയ്‌ക്ക് മാറ്റി. അദ്ദേഹം സുരക്ഷിതനാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. തൃണമൂൽ കോൺഗ്രസാണ് ആക്രമണത്തിനു പിന്നിലെന്ന് മുഹമ്മദ് സലീം ആരോപിച്ചു. ഇവിടെ ആയുധങ്ങളുമായെത്തിയ പ്രവർത്തകർ ബൂത്തിൽ കടന്ന് വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. സ്ഥാനാർത്ഥിക്കു നേരെ നടന്ന ആക്രമണം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.