തിരുവനന്തപുരം: ആറ്റിങ്ങലിൽ പോരാട്ടം കടുക്കുകയാണ്. വോട്ടെടുപ്പ് ദിനത്തിലേക്ക് അടുക്കുമ്പോൾ പരമാവധി വോട്ടർമാരെ നേരിൽ കാണാനും ജനവിധി തങ്ങൾക്കനുകൂലമാക്കാനുമുള്ള തന്ത്രങ്ങളാണ് അണിയറയിൽ. വിജയ പ്രതീക്ഷയിലാണ് മൂന്നു മുന്നണികളും. വിജയസാദ്ധ്യത മുന്നണി നേതാക്കൾ വിലയിരുത്തുന്നു.
ഇടതുമുന്നണി മണ്ഡലത്തിൽ വ്യക്തമായ മേൽക്കൈ നേടിക്കഴിഞ്ഞു. നല്ല ഭൂരിപക്ഷത്തോടെ വിജയിക്കാനാകുമെന്ന കാര്യത്തിൽ തർക്കമില്ല. സിറ്റിംഗ് എം.പിയെന്ന നിലയിൽ സമ്പത്ത് ജനകീയനാണ്. അഴിമതിയോ സ്വജനപക്ഷപാതമോ ഇല്ലാത്ത ജനപ്രതിനിധിയാണ്. പാർലമെന്റിനകത്തും പുറത്തും ശ്ളാഘനീയമായ പ്രവർത്തനം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
''പാർലമെന്റംഗമെന്ന നിലയിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ഇടതു സർക്കാരിന്റെ ഭരണനേട്ടവുമെല്ലാം തിരഞ്ഞെടുപ്പിൽ മുന്നണിക്ക് മുതൽക്കൂട്ടാകും. അതോടൊപ്പം ഇടതുമുന്നണിയുടെ മതേതര മുഖം ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കുന്ന ഘടകമാണ്. ബി.ജെ.പിയുടെ വർഗീയ ഫാസിസ്റ്റ് നയങ്ങൾക്കും മോദി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കുമെതിരായ ശക്തമായ വിധിയെഴുത്താകും തിരഞ്ഞെടുപ്പ്. അവസാനറൗണ്ടിലും ആവേശം തെല്ലും ചോരാത്ത തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ് മണ്ഡലത്തിലുടനീളമുള്ളത്.
സ്ക്വാഡ് വർക്കുകളും കുടുംബ യോഗങ്ങളും സജീവമാണ്. സ്ഥാനാർത്ഥിയും മണ്ഡലത്തിലുടനീളം ഓടി നടന്ന് പരമാവധി വോട്ടർമാരെ നേരിൽ കാണുന്നുണ്ട്. കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ ഭൂരിപക്ഷം നേടി വിജയിക്കാനാകുമെന്ന കാര്യത്തിൽ സംശയമില്ല'' കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ചെയർമാൻ വി.ശിവൻകുട്ടി പറഞ്ഞു.
''ആറ്റിങ്ങലിൽ എ. സമ്പത്ത് യാതൊരു വികസന പ്രവർത്തനങ്ങളും നടത്തിയിട്ടില്ലെന്ന് സി.പി.എം അണികൾപോലും സമ്മതിക്കുന്നുണ്ട്. പിണറായി - മോദി സർക്കാരുകൾക്കെതിരായ വികാരം യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നുണ്ട്. പ്രചാരണത്തിൽ യു.ഡി.എഫ് ബഹുദൂരം മുന്നേറിക്കഴിഞ്ഞു. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനും അക്രമത്തിനും ബി.ജെ.പിയുടെ വർഗീയ നയങ്ങൾക്കുമെതിരായ വിധിയെഴുത്താകും ഇത്. ഓഖിയ്ക്ക് പിന്നാലെ പ്രളയം സൃഷ്ടിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ സർക്കാർ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ സമ്പൂർണ പരാജയമായിരുന്നു.
ശബരിമല വിശ്വാസ സംരക്ഷണത്തിനായി സുപ്രീംകോടതിയിൽ കേസിൽ കക്ഷിചേർന്ന പാർട്ടിയാണ് കോൺഗ്രസ്. വിശ്വാസ സംരക്ഷണമെന്ന പേരിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച ബി.ജെ.പി നിയമപരമായി യാതൊന്നും ചെയ്തില്ലെന്ന് മാത്രമല്ല അതിനുശേഷം നടന്ന പാർലമെന്റ് സമ്മേളനങ്ങളിൽ നിയമനിർമ്മാണത്തിനും കൂട്ടാക്കിയില്ല. അടൂർ പ്രകാശിനെപ്പോലെ സുസമ്മതനായ ഒരു സ്ഥാനാർത്ഥിയെ ലഭിച്ചതാണ് യു.ഡി.എഫിന്റെ പ്ളസ് പോയിന്റ്. മണ്ഡലത്തിൽ രണ്ട് താലൂക്കുകൾ അനുവദിച്ചത് അടൂർ പ്രകാശ് റവന്യൂ മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ്. കാട്ടാക്കട, അരുവിക്കര, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിൽ വൻ ഭൂരിപക്ഷം നേടും.ചിറയിൻകീഴ് ,വർക്കല, ആറ്റിങ്ങൽ മണ്ഡലങ്ങളിലും മുൻ വർഷത്തേക്കാൾ മികച്ച മുന്നേറ്റം സാദ്ധ്യമാക്കും'' യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി കൺവീനർ കരകുളം കൃഷ്ണപിള്ള പറഞ്ഞു
''വോട്ടർമാരുടെ ആവേശവും പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തനവും മണ്ഡലത്തിൽ ഇത്തവണ ബി.ജെ.പി അട്ടിമറി വിജയം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. സ്ത്രീ സമൂഹമൊന്നടങ്കം ബി.ജെ.പി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നുണ്ട്. വിശ്വാസ സംരക്ഷണത്തിനായി പോരാടിയവരെ ക്രൂരമായി നേരിട്ട ഇടതുമുന്നണിയ്ക്കും അതിന് ഒത്താശചെയ്ത യു.ഡി.എഫിനുമെതിരെ തിരഞ്ഞെടുപ്പിൽ ശക്തമായ പ്രതികരണമുണ്ടാകും. സി.പിഎമ്മിന്റെ കൊലപാതക രാഷ്ട്രീയവും സംസ്ഥാന സർക്കാരിന്റെ ജനദ്റോഹ ഭരണവും യു.ഡി.എഫിന്റെ മൗനവും വോട്ടർമാർക്കിടയിൽ സജീവ ചർച്ചാവിഷയങ്ങളാണ്.മണ്ഡലത്തിന്റെ വികസന മുരടിപ്പിൽ മനം മടുത്ത വോട്ടർമാർ സുസ്ഥിര ഭരണത്തിനും സമഗ്രവികസനത്തിനും വീണ്ടും മോദി സർക്കാർ അധികാരത്തിൽ വരണമെന്ന മനോഭാവത്തിലാണ്.
പരാജയഭീതി പൂണ്ട ഇടത്, വലത് മുന്നണികൾ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പ്രചാരണം തടസപ്പെടുത്താനും അക്രമം നടത്തി വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കാത്ത സാഹചര്യം സൃഷ്ടിക്കാനുമാണ് ഇപ്പോൾ ശ്രമിക്കുന്നത്. മത്സ്യതൊഴിലാളികൾക്കായി ആദ്യമായി കേന്ദ്രത്തിൽ ഫിഷറീസ് മന്ത്രാലയം രൂപീകരിച്ചതുൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ തീരദേശമേഖലയിലടക്കം ബി.ജെ.പിക്ക് വമ്പിച്ച മുന്നേറ്റത്തിനുള്ള അവസരമായിട്ടുണ്ട്. ബൈപ്പാസുൾപ്പെടെ ആറ്റിങ്ങലിന്റെ ഭാവി വികസനത്തിനും മോദി സർക്കാരിന്റെ ഭരണത്തുടർച്ചയ്ക്കും ബി.ജെ.പിയ്ക്ക് വോട്ടുചെയ്യുമെന്നാണ് പ്രതീക്ഷ'' ബി.ജെ.പി ഇലക്ഷൻ കമ്മിറ്രി കൺവീനർ ചെമ്പഴന്തി ഉദയൻ പറഞ്ഞു.