sabarimala-protest

മാന്നാർ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വീടിന് സമീപത്തെ ക്ഷേത്രത്തിലെ കാളകെട്ട് ഉത്സവത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞെത്തിയ പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ച് പ്രവർത്തകനെ ഇറക്കിക്കൊണ്ടുപോയി.

മാന്നാർ പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ജനുവരി 2ന് സന്നിധാനത്ത് രണ്ട് യുവതികൾ കയറിയതിനെ തുടർന്ന് കർമ്മസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന പ്രക്ഷോഭത്തിനിടെ മാന്നാറിൽ, സിവിൽ പൊലീസ് ഒഫീസറായ പുലിയൂർ സ്വദേശി അരുൺ ഇടപെട്ടു. ഡി.വൈ.എഫ്.ഐ നേതാവായ അശ്വിന്റെ നേതൃത്വത്തിൽ ഇത് ചോദ്യം ചെയ്തു.

തുടർന്ന് അശ്വിൻ ഒളിവിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എസ്.ഐ കെ.എൽ.മഹേഷ് പ്രദേശത്തെ കാളകെട്ട് മഹോത്സവത്തിനിടെ അശ്വിനെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ എത്തിച്ചതോടെ എണ്ണയ്ക്കാട് ഭാഗത്ത് നിന്ന് ഭരണകക്ഷിയിലെ പ്രമുഖ നേതാക്കളും പ്രവർത്തകരും സംഘടിച്ചെത്തി. മണിക്കൂറുകളോളം പൊലീസും നേതാക്കളും തർക്കത്തിലായി. സി.ഐ ജോസ് മാത്യു ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തി അശ്വിനെ സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ടു പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.