kummanam

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കഴിഞ്ഞ ദിവസം പൂന്തുറയിൽ എത്തിയ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെയും പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനെയും വഴിതടഞ്ഞു. റോഡ് ഷോയുടെ ഭാഗമായുള്ള പ്രചാരണത്തിനാണ് ഇരുവരും കഴിഞ്ഞ ദിവസം പൂന്തുറയിൽ എത്തിയത്.

പൂന്തുറയുടെ ഉൾപ്രദേശങ്ങളിലേക്ക് റോഡ് ഷോ കടത്തി വിടാൻ നാട്ടുകാർ തയ്യാറായില്ല. തുടർന്ന് പ്രവർത്തകരും നാട്ടുകാരും തമ്മിൽ ഏറെനേരത്തെ സംഘർഷത്തിന് വഴിവെച്ചു. ഒടുവിൽ പൂന്തുറ ജംഗ്ഷനിൽ പ്രചാരണവും റോഡ് ഷോയും അവസാനിപ്പിക്കാൻ ബി.ജെ.പി പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.

നേരത്തെ ഓഖി ദുരന്തമുണ്ടായപ്പോൾ നിർമ്മലാ സീതാരാമൻ ഈ പ്രദേശം സന്ദർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബി.ജെ.പിയുടെ പ്രചാരണത്തിനായി പ്രതിരോധമന്ത്രി എത്തിയത്. പ്രാദേശിക കോൺഗ്രസ് നേതാക്കളാണ് ബി.ജെ.പിയുടെ റോഡ് ഷോ തടഞ്ഞതെന്നാണ് ആരോപണം.

ഓഖി ദുരന്തത്തിന് ഇരയായ മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ മോദി തന്നോട് നേരിട്ട് ആവശ്യപ്പെട്ടെന്നും അങ്ങനെയാണ് താൻ ഓഖി സമയത്ത് എത്തിയതെന്നും, വിഷു കൈനീട്ടമായി മലയാളികൾ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും നിർമ്മലാ സീതാരാമൻ അഭ്യർത്ഥിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.