yesudas

മയിൽപീലി എന്ന ഭക്തിഗാനം കേൾക്കാത്ത മലയാളികളുണ്ടാകില്ല. ഗാനഗന്ധർവൻ യേശുദാസിന്റെ സ്വരമാധുരിയിൽ ഒഴുകിയെത്തിയ മയിൽപീലിയിലെ ഒൻപതു ഭക്തിഗാനങ്ങളും മലയാളിക്ക് ഹൃദ്യമാണ്. പ്രശസ്‌ത സംഗീത‌ജ്ഞനായ ജയനാണ് മയിൽപീലിയിലെ അനശ്വരഗാനങ്ങൾക്ക് സംഗീതം പകർന്നത്. രമേശൻ നായരുടേതായിരുന്നു വരികൾ. എന്നാൽ ഈ ഒമ്പത് ഗാനങ്ങളും പിറന്നത് ഒറ്റരാത്രികൊണ്ടാണെന്ന് നമ്മളിൽ എത്രപേർക്കറിയാം. ആ കഥ ജയൻ തന്നെ പറയുകയാണ്.

'ആത്മാവിന്റെ ഭാഗമായ സഹോദരൻ മരണം തളർത്തിയ സമയത്താണ് യോശദദാസിനെ തിരുവനന്തപുരത്തു വച്ച് യാദൃശ്‌ചികമായി കാണുന്നത്. ഇങ്ങനെ ചടഞ്ഞുകൂടി ഇരിക്കരുത്. പാട്ടിലേക്ക് മടങ്ങി വരൂ, വിഷുക്കാലത്തിനായി സന്തോഷമുള്ള കുറേ കൃഷ്‌ണഭക്തിഗാനങ്ങൾ ചെയ്യൂ. രമേശൻ നായർ എഴുതിയാൽ അസലാകും. തരംഗിണി ഇറക്കാം. ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

അന്ന് തിരുവനന്തപുരം ആകാശവാണിയിൽ ജോലി ചെയ്യുകയായിരുന്നു രമേശൻ നായർ. ഞാൻ നേരെ അദ്ദേഹത്തിന്റെ വീട്ടിലെത്തി യേശുദാസിന്റെ നി‌ദേശത്തെപ്പറ്റി പറഞ്ഞു. അന്നുരാത്രി തന്നെ ഞങ്ങൾ പാട്ടുണ്ടാക്കാനിരുന്നു. നിങ്ങൾ അവിശ്വസിച്ചേക്കാം. നേരം പുലർന്നപ്പോഴേക്കും മയിൽപ്പീലി എന്ന ആൽബത്തിലെ ഒമ്പത് പാട്ടുകളും പിറന്നു കഴിഞ്ഞിരുന്നു'.

ഇതിൽ 'രാധ തൻ പ്രേമത്തോടാണോ കൃഷ്‌ണാ' എന്ന ഗാനം ചിട്ടപ്പെടുത്തിയതിന് പിന്നിൽ ഒരു രഹസ്യമുണ്ട്. ഏതാണ്ട് അർദ്ധരാത്രിയായപ്പോൾ ഞങ്ങൾ അൽപം വിശ്രമിക്കാനിരുന്നു. അപ്പോൾ ടിവിയിൽ കണ്ട ഗസലിന്റെ ഈണം എനിക്കു വല്ലാതെ ഇഷ്‌ടപ്പെട്ടു. ആ സ്വാധീനത്തിൽ ഉണ്ടാക്കിയ ട്യൂണാണ് രാധ തൻ പ്രേമത്തോടാണോ...അത് ഏതു രാഗമാണെന്ന് എനിക്ക് അറിയില്ല. ആഭേരിയുടെ ഛായ ഉണ്ടെന്ന് മാത്രം'.