മലപ്പുറം: എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഒരിക്കൽ മുൻ കോൺഗ്രസുകാരനായ ടി.കെ.ഹംസ ഇളക്കിയതാണ് മലപ്പുറത്തെ. അന്ന് മഞ്ചേരി മണ്ഡലമായിരുന്നു. അതുവരെ തകരാതിരുന്ന ലീഗ് കോട്ടയാണ് 2004ൽ തകർന്നത്. തുടർന്ന് 2006ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ലീഗിന് ക്ഷീണം നേരിട്ടു. കുറ്റിപ്പുറത്തും തിരൂരിലുമൊക്കെ ലീഗ് തോറ്രു. എന്നാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ വീണ്ടും ലീഗ് ജയിച്ചു, 2009ലും 2014ലും. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കി. ഇ.അഹമ്മദിന്റെ മരണശേഷം നടന്ന മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി നേടിയത് തകർപ്പൻ ജയമായിരുന്നു. ഇത്തവണ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനുവിനെ ഇറക്കിയാണ് ഇടതുമുന്നണിയുടെ പോരാട്ടം. അദ്ധ്യാപക സംഘടനാ നേതാവായിരുന്ന വി.ഉണ്ണികൃഷ്ണനാണ് ബി.ജെ.പി സ്ഥാനാർത്ഥി.
രാഹുൽ ഗാന്ധിയുടെ വരവ് ഉണ്ടാക്കിയ ആവേശം കൂടിയാവുമ്പോൾ കുഞ്ഞാലിക്കുട്ടിക്ക് വിജയത്തെക്കുറിച്ച് സംശയമേ ഇല്ല. എന്നാൽ സാനുവിലൂടെ അട്ടിമറി വിജയമാണ് ഇടതുപക്ഷ ശ്രമം. ശക്തമായ പോരാട്ടം ബി.ജെ.പിയും നടത്തുന്നു. 2014ൽ 1,94,739 വോട്ടിന്റെ തകർപ്പൻ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.അഹമ്മദ് മലപ്പുറത്ത് ജയിച്ചത്. ഇ.അഹമ്മദിന്റെ മരണശേഷം 2017ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടി വിജയിച്ചത് 1,71,023 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ഇക്കുറി ഈ ലീഡ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രവർത്തനം. വിദ്യാർത്ഥി നേതാവിനെ രംഗത്തിറക്കി ലീഗിന്റെ തേരോട്ടം തടയാനാണ് സി.പി.എം ശ്രമം.
അതേസമയം, എസ്.ഡി.പി ഐ നേടുന്ന വോട്ടുകൾ നിർണായകമാവും. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന എസ്.ഡി.പി.ഐ ഇത്തവണ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസിയെയാണ് നിറുത്തിയിരിക്കുന്നത്. 47,583 വോട്ടുകളാണ് 2014ൽ എസ്.ഡി.പി.ഐ നേതാവ് നാസറുദ്ദീൻ എളമരം നേടിയത്. ശബരിമല വിഷയം ഞങ്ങൾക്ക് അനുകൂലമാവുമെന്നും ഇത്തവണ വോട്ട് വർദ്ധിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലുമാണ് ബി.ജെ.പി സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ. ശക്തമായ പ്രചാരണമാണ് ബി.ജെ.പി മണ്ഡലത്തിൽ നടത്തുന്നത്.