പ്രകൃതിരമണീയമായ ഒരിടത്ത് സമാധാനമായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ നെതർലന്റ്സിലെ ഗീറ്റോൺ എന്ന കുഞ്ഞൻ ഗ്രാമത്തെപ്പറ്റി തീർച്ചയായും അറിഞ്ഞിരിക്കണം. 'നെതർലന്റ്സിലെ വെനീസ് ', 'വടക്കിന്റെ വെനീസ് ' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവിടെ പക്ഷേ, വാഹനങ്ങൾക്ക് പ്രവേശനമില്ല.
ഗ്രാമത്തിനുള്ളിൽ പ്രവേശിക്കണമെങ്കിൽ ഒന്നുകിൽ നടക്കണം അല്ലെങ്കിൽ ജലമാർഗം പോകണം. നെതർലന്റ്സിലെ ഓവറിജ്ജ്സൽ പ്രവശ്യയിലാണ് റോഡുകൾ ഇല്ലാത്ത മനോഹരമായ നാട് സ്ഥിതി ചെയ്യുന്നത്. ഗീറ്റോണിൽ ചുറ്റിക്കറങ്ങണമെങ്കിൽ ചെറു ബോട്ട് തന്നെ ആശ്രയം. നിരവധി സഞ്ചാരികളെ ആകർഷിക്കുന്ന ഇവിടെ നഗരത്തിന്റെ തിരക്കുകളോ ബഹളമോ ഒന്നുമില്ലാത്ത ശാന്തമായ പ്രദേശമാണ്.
തണുപ്പ് കാലത്ത് ഇവിടത്തെ കനാലുകൾ തണുത്തുറയുന്നതിനാൽ സഞ്ചാരികൾക്ക് ഐസ് സ്കേറ്റിംഗും പരീക്ഷിക്കാം. 4 മൈലോളം കനാലും 18ആം നൂറ്റാണ്ടിന്റെ മാതൃകയിലുള്ള മനോഹരമായ ഫാംഹൗസുകളും ഇവിടെ കാണാൻ സാധിക്കും. മദ്ധ്യകാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന വാസ്തു വിദ്യയോടു കൂടിയ ചെറിയ വീടുകളാണ് ഇവിടെയുള്ളത്. ഈ വീടുകളെ പൊതിഞ്ഞ് കാണപ്പെടുന്ന അതിമനോഹരമായ പൂന്തോട്ടങ്ങൾ ഗീറ്റോണിലെ മറ്റൊരു ആകർഷണമാണ്.
കനാലിനു സമാന്തരമായി നിർമിച്ച ചെറു നടപ്പാതകളും തടികൊണ്ട് നിർമിച്ച കുത്തനെയുള്ള 150ലേറെ വീതി കുറഞ്ഞ പാലങ്ങളുമാണ് ഇവിടത്തെ വീടുകളെ തമ്മിൽ ബന്ധിപ്പിക്കുന്നത്. മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ നിന്നും കുടിയേറിയവരാണ് എ.ഡി 1230ൽ ഈ ഗ്രാമം സ്ഥാപിച്ചത്. 1958ൽ ബെർട്ട് ഹാൻസ്ട്ര എന്ന ഡച്ച് സംവിധായകന്റെ 'ഫാൻഫെയർ' എന്ന ചിത്രത്തിലൂടെയാണ് ഗ്രാമം പ്രശസ്തമായത്. ഇന്ന് ഏകദേശം 2,600 പേരാണ് ഇവിടെ താമസിക്കുന്നത്.