brave-daughter

അച്ഛന് സ്വന്തം കരളിന്റെ 65 ശതമാനവും പകുത്തുനൽകി ലോകത്തിന് മാതൃകയായി ഈ മകൾ. സ്നേഹം കൊണ്ട് തോൽപ്പിക്കുകയാണ് ഈ‌ പത്തൊൻപത് വയസുകാരി രാഖി ദത്ത. ചികിത്സയ്‌ക്കായി പല ആശുപത്രികളിൽ കയറി ഇറങ്ങിയെങ്കിലും അച്ഛന്റെ ആരോഗ്യനിലയിൽ വലിയ മാറ്റമൊന്നും കാണാതെ വന്നതോടെയാണ് രാഖി അച്ഛനെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോ എൻഡ്രോളജിയിൽ എത്തിച്ചത്. രാഖിയും സഹോദരിയുമാണ് അച്ഛന് മക്കളായിട്ട്. ഒരു മകന്റെ സ്ഥാനത്ത് നിന്നാണ് അവൾ അച്ഛനെ പരിചരിച്ചത്.

ചികിൽസ പുരോഗമിക്കവെയാണ് അച്ഛന്റെ കരളിന്റെ പ്രവർത്തനം മോശമാണെന്നും ഉടൻ കരൾ മാറ്റിവയ്ക്കുന്നതാണ് നല്ലതെന്നും ഡോക്ടർമാർ രാഖിയോട് പറഞ്ഞു. ഉടൻ അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും കരൾ ദാതാവിനെ കണ്ടെത്താൻ കുടുംബത്തിനായില്ല. അച്ഛനെ അങ്ങനെ മരണത്തിന് വിട്ടുകൊടുക്കാൻ ഇൗ മകൾ തയാറായിരുന്നില്ല. തന്റെ കരളിന്റെ 65 ശതമാനം അച്ഛന് നൽകാൻ തയാറാണെന്ന് അവൾ ഡോക്ടർമാരെ അറിയിച്ചു. കൗമാരം കടന്നിട്ടില്ലാത്ത ഒരു പെൺകുട്ടി ശസ്ത്രക്രിയ തന്റെ ശരീരത്തിലുണ്ടാക്കിയേക്കാവുന്ന വികൃതമായ അടയാളത്തെ പറ്റിയോ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടാവുന്ന കഠിന വേദനകളെക്കുറിച്ചോ ഒന്നും അവൾ ചിന്തിച്ചില്ല.

അച്ഛനോടുള്ള സ്നേഹം മാത്രമായിരുന്നു അവൾക്ക് മുന്നിൽ. ധീരമായ ആ തിരുമാനത്തെ എല്ലാവരും അഭിനന്ദിച്ചു. മകൾ നൽകിയ കരളുമായി ആ അച്ഛൻ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കുവച്ചതോടെ ചിത്രം വൈറലായി. പെൺകുഞ്ഞുങ്ങൾ ഉണ്ടായാൽ നെറ്റി ചുളിക്കുന്നവർക്കുള്ള മറുപടിയാണ് ഇൗ ചിത്രമെന്ന കുറിപ്പോടെയാണ് പലരും ഇൗ സ്നേഹത്തെ പങ്കുവയ്ക്കുന്നത്.