ലണ്ടൻ: ''ആ ആരോപണങ്ങളിൽ ഒരു കഴമ്പുമില്ല. അതെല്ലാം വെറും സാങ്കല്പികം മാത്രം- പരാഗ്വേ മോഡൽ മിർതാ സോസിന്റെ ലൈംഗികാരോപണത്തെക്കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സി സാഞ്ചസിന്റെ പ്രതികരണമാണിത്. അദ്ദേഹത്തിന്റെ ഏജന്റാണ് പ്രതികരണം പുറത്തുവിട്ടത്.
തന്നെ സാഞ്ചസ് നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയെന്നായിരുന്നു മോഡലിന്റെ ആരോപണം. ഒരിക്കലും സോസുമായി ബന്ധം ഉണ്ടായിട്ടില്ല. സാഞ്ചസിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി വ്യാജ അക്കൗണ്ടുകൾ ഉണ്ടെന്നും അത്തരക്കാരുടെ പ്രവൃത്തികൾക്ക് താരം ഉത്തരവാദിയല്ലെന്നുമാണ് ഏജന്റ് പറഞ്ഞത്.
ഒരു അർജന്റീനിയൻ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സാഞ്ചസിനെതിരെ മിർതാ സോസ് ആരോപണങ്ങൾ ഉന്നയിച്ചത്. വിളിച്ച് ശല്യപ്പെടുത്തിയതിനൊപ്പം ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ചെന്നും ഒരേസമയം പല സ്ത്രീകളുമായി സാഞ്ചസിന് അടുത്ത ബന്ധം ഉണ്ടെന്നുമായിരുന്നു മിർതയുടെ ആരോപണം. പലപ്പോഴും വീഡിയോകോൾ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു. ആരോപണങ്ങൾ വിവാദത്തിനിടയാക്കിയിരുന്നു.
ഇൻസ്റ്റാഗ്രാമിലെ മിന്നും താരമാണ് മിർതാ സോസ്.ഒരു ലക്ഷത്തിലേറെ പേരാണ് ഫോളവേഴ്സ്. ചൂടൻ ചിത്രങ്ങൾ പോസ്റ്റുചെയ്യുന്നതാണ് കക്ഷിയുടെ പ്രധാന ഹോബി. ഫുട്ബാളുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് മിർതയുടെ അവകാശവാദം. ഇതുതെളിയിക്കാൻ ഫുട്ബാൾ താരങ്ങളുടെ പേര് പ്രിന്റുചെയ്ത ജഴ്സിയണിഞ്ഞും ഫുട്ബാൾ ചേർത്തുപിടിച്ചുമൊക്കെയുള്ള ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്തിട്ടുണ്ട്.
ചിലിയൻ ഫുട്ബാൾ താരമാണ് മുപ്പതുകാരനായ സാഞ്ചസ്. 2006 മുതൽ ദേശീയ ടീമിൽ കളിക്കാൻ തുടങ്ങി. 89 കളികളിൽ നിന്നായി 31 ഗോളുകൾ നേടി. ഏറ്റവും വിലയേറിയ താരങ്ങളിൽ ഒരാളാണെങ്കിലും പരിക്കും മോശം ഫോമും കാരണം ഈ സീസണിൽ കാര്യമായി തിളങ്ങിയിട്ടില്ല.