പത്തനംതിട്ട: ശബരിമലയെ സംരക്ഷിക്കണമെന്ന മനസുളള എട്ട് ലക്ഷം ചൗക്കീർദാർമാർ (കാവൽക്കാർ) പത്തനംതിട്ട മണ്ഡലത്തിലുണ്ടെന്നും അവരുടെ കൂടി വോട്ടിൽ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ജയിക്കുമെന്നും ശബരിമല ആക്ഷൻ കൗൺസിൽ വൈസ് പ്രസിഡന്റും മുൻ ഡി.ജി.പിയുമായ ടി.പി.സെൻകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയെ സംരക്ഷിക്കാൻ കെ.സുരേന്ദ്രനടക്കമുളള ബി.ജെ.പി നേതാക്കളാണ് ആത്മാർത്ഥമായി മുന്നിട്ടിറങ്ങിയത്. കേരളത്തിൽ വലിയ മാറ്റം ഉണ്ടാകാൻ പോകുകയാണ്. പിണറായി വിജയൻ ധാർഷ്ട്യം അവസാനിപ്പിക്കാൻ തയാറല്ല. സി.പി.എമ്മിന്റെ അവസാന മുഖ്യമന്ത്രിയായി പിണറായി മാറാൻ പോകുന്നു. തിരഞ്ഞെടുപ്പിൽ മതം പറഞ്ഞോ ജാതി പറഞ്ഞോ വോട്ട് ചോദിക്കരുത്. പക്ഷേ, ശബരിമലയിൽ പിണറായി വിജയൻ സർക്കാർ ചെയ്ത നിയമവിരുദ്ധമായ കാര്യങ്ങൾ ഓർക്കണം. പരാജയ ഭീതിയിൽ സി.പി.എം തിരഞ്ഞെടുപ്പിനെ ഭയക്കുകയാണിപ്പോൾ. ശബരിമല സ്ത്രീപ്രവേശനം സി.പി.എമ്മിന്റെ തകർച്ചക്ക് കാരണമാകും. സിറ്റിംഗ് എം.പിയുടേതായി യാതൊരു വികസന നേട്ടങ്ങളും മണ്ഡലത്തിൽ ഉണ്ടായിട്ടില്ല.
സി.പി.എം ശബരിമലയെ ഭയക്കുന്നതുകൊണ്ടാണ് ശബരിമല കർമ്മസമിതിയുടെ ബോർഡുകൾ നശിപ്പിക്കുന്നത്. കർമ്മസമിതിയുടെ ബോർഡുകൾ ചട്ട ലംഘനമല്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബോർഡുകൾ പുനസ്ഥാപിക്കണം. അല്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകും. തിരുവനന്തപുരം മണ്ഡലത്തിൽ കുമ്മനം രാജശേഖരെന്റ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കൂടിയാണ് സെൻകുമാർ. അവിടെ കുമ്മനം ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.