ലക്‌നൗ: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ ഇല്ലയോ എന്നത് സസ്‌പെൻസായി തന്നെ തുടരട്ടേയെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. പ്രിയങ്ക മത്സരിക്കുമെന്നോ ഇല്ലെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല. പ്രമുഖ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വാരാണസിയിൽ മത്സരിക്കുമോ എന്ന ചോദ്യം ആവർത്തിച്ചപ്പോൾ ഞാൻ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'അത് സസ്‌പെൻസായി നിൽക്കട്ടെ, സസ്‌പെൻസ് എല്ലായ്‌പ്പോഴും മോശമാകാറില്ലല്ലോ'-രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറാണെന്ന് കഴിഞ്ഞ ദിവസം പ്രിയങ്ക മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന മണ്ഡലമായ വാരാണസിയിൽ മോദിക്കെതിരെ മത്സരിക്കാൻ തയാറാണെന്ന് പ്രിയങ്ക ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. എന്നാൽ ഇതിനെ സംബന്ധിച്ച് ഹൈക്കമാൻഡ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.