yechoori

സുൽത്താൻ ബത്തേരി: രണ്ടാം യു.പി.എ സർക്കാരാണ് ബി.ജെ.പിയ്ക്ക് അധികാരത്തിലേക്കുള്ള വഴിയൊരുക്കിയതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വയനാട് ലോക്‌സഭ മണ്ഡലത്തിലെ എൽ.‌‌ഡി.എഫ് സ്ഥാനാർത്ഥി പി.പി.സുനീറിന്റെ പ്രചാരണത്തിന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതര സർക്കാർ രൂപീകരിക്കാൻ വിട്ടുവീഴ്ച ചെയ്തവരാണ് ഇടതുപക്ഷമെന്നും ഇതിന്റെ ഭാഗമായാണ് 2004ൽ യു.പി.എ സർക്കാരിന് പിന്തുണ നൽകിയതെന്നും യെച്ചൂരി പറഞ്ഞു.

61 എം.പിമാർ ഉണ്ടായിരുന്നതിൽ 57 പേരും കോൺഗ്രസിനെ ആയിരുന്നു തോൽപ്പിച്ചിരുന്നത്. എന്നിട്ടും അവർക്ക് പിന്തുണ നൽകിയത് മതേതരത്വം സംരക്ഷിക്കാനായിരുന്നു. മതേതര സർക്കാർ അധികാരത്തിൽ വരണമെങ്കിൽ ഇടതുപക്ഷം ശക്തമാകണം. വിവരാവകാശ നിയമവും തൊഴിലുറപ്പ് പദ്ധതിയും ഇടതുപക്ഷത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണ് നടപ്പായത്.

കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാവുന്നത് 1959 ലെ കമ്മ്യൂണിസ്റ്റ്‌ സർക്കാർ നടപ്പാക്കിയ ഭൂപരിഷ്ക്കരണം കാരണമാണ്. കഴിഞ്ഞ അഞ്ച് വർഷവും പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനങ്ങൾ മാത്രമാണ് നൽകിയത്. കർഷകർക്ക് ഒന്നര ഇരട്ടി താങ്ങുവില നൽകുമെന്നും കടം എഴുതി തള്ളുമെന്നും പറഞ്ഞു വഞ്ചിച്ചു. കോർപറേറ്റുകളുടെ കോടിക്കണക്കിനു രൂപയാണ് എഴുതിത്തള്ളിയത്. യുദ്ധവിമാന കരാർ അംബാനിക്ക് നൽകിയ മോദി വിമാനത്താവളങ്ങൾ അദാനിക്ക് കൈമാറി. ഇതിന്റെ കമ്മീഷൻ വാങ്ങുന്നതിനായി ഇലക്ട്രൽ ബോണ്ടുകൾ നിയമവിധേയമാക്കി. 95 ശതമാനവും ബി.ജെ.പിക്കാരാണ് വാങ്ങിയത്. മതേതര സർക്കാർ ആണ് കോൺഗ്രസിന്റെ ലക്ഷ്യമെങ്കിൽ അവർ ഇടതുപക്ഷത്തിനെതിരെയല്ല മത്സരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.