കോഴിക്കോട്: വയനാട് പാകിസ്ഥാനിലാണെന്നു പറഞ്ഞ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും കേരളത്തിൽ വന്ന് വോട്ട് ചോദിക്കാൻ ധാർമ്മികാവകാശമില്ലെന്നും കേരളത്തിലെ ജനങ്ങൾ ഇത് ചോദ്യം ചെയ്യണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കോഴിക്കോട് പ്രസ് ക്ളബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പരാമർശത്തിനെതിരെ യു.ഡി.എഫ് നൽകിയ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ പണക്കൊഴുപ്പ് കാട്ടുന്നത് ബി.ജെ.പിയാണ്. എന്നാൽ പ്രതിപക്ഷ സ്ഥാനാർത്ഥികളുടെ ഓഫീസിലും വസതിയിലും റെയ്‌ഡ് നടത്തിക്കുന്നു. കർണാടകത്തിൽ പ്രധാനമന്ത്രി പ്രചാരണത്തിന് എത്തിയപ്പോൾ അദ്ദേഹത്തിന്റെ ഹെലികോപ്ടറിൽ നിന്ന് സ്വകാര്യ വാഹനത്തിലേക്ക് വലിയ പെട്ടി മാറ്റിയ സംഭവത്തിൽ തങ്ങൾ ഇലക്‌ഷൻ കമ്മിഷന് പരാതി നൽകിയിരുന്നു. എന്നാൽ വ്യക്തമായ മറുപടി ലഭിച്ചില്ല. തിരഞ്ഞെടുപ്പ് കാലത്ത് എല്ലാവരും തുല്യരാണ്. പ്രധാനമന്ത്രിക്ക് പ്രത്യേക പരിഗണനയൊന്നുമില്ല. എന്ത് നടത്തിയാലും ആദായ നികുതി വകുപ്പിന് ജനവിധി അട്ടിമറിക്കാൻ സാധിക്കില്ല. ഇത്തരമൊരു നടപടി തിരഞ്ഞെടുപ്പ് കാലത്ത് മുമ്പ് കണ്ടിട്ടില്ല.
കേരളത്തിന്റെ മനസ് കവർന്നാണ് രാഹുൽ ഗാന്ധി മടങ്ങിയത്. കോൺഗ്രസ് അധികാരത്തിൽ തിരിച്ച് വരുമെന്നതിന്റെ സൂചനകളാണ് എല്ലായിടത്ത് നിന്നും ലഭിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.