dharmendra-pradhans

ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്​റ്ററിൽ നിന്ന്​ കാറിലേക്ക്​ പെട്ടി മാറ്റുന്ന ദൃശ്യം വിവാദമായതിന്​ പിന്നാലെ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ധർമ്മേന്ദ്ര പ്രധാന്റെ ഹെലികോപ്റ്ററിലും പെട്ടി കണ്ടെത്തി. ഹെലികോപ്റ്ററും പെട്ടിയും പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ കേന്ദ്രമന്ത്രി തടയുകയും ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയ്തതാണ് സംഭവത്തിൽ ദുരൂഹത വർധിക്കാൻ കാരണമായത്. കേന്ദ്രമന്ത്രിയുടെ പ്രവൃത്തി വിവാദമായതോടെ ബിജു ജനതാദൾ(ബി.ജെ.ഡി) അദ്ദേഹത്തിനെതിരെ തിരഞ്ഞെടുപ്പ്​ കമ്മിഷനിൽ പരാതി നൽകി.

കഴിഞ്ഞ ദിവസം ഒഡീഷയിലെത്തിയ ധർമ്മേന്ദ്ര പ്രധാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന തടഞ്ഞതോടെയാണ് സംഭവം വിവാദമായത്. മന്ത്രിയുടെ ഹെലികോപ്റ്ററും സീൽ ചെയ്തനിലയിലുണ്ടായിരുന്ന പെട്ടിയും പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. മാത്രമല്ല, പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും മോശമായി പെരുമാറുകയും ചെയ്തു. ഇതോടെയാണ് മന്ത്രിയുടെ കൈവശമുണ്ടായിരുന്ന പെട്ടിയിൽ പണമാണെന്ന ആരോപണവുമായി ബി.ജെ.ഡി ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ രംഗത്തെത്തിയത്.

മന്ത്രിയുടെ കൈവശമുണ്ടായിരുന്ന പെട്ടിയിൽ പണമാണെന്ന് സംശയമുണ്ടെന്നും ഉദ്യോഗസ്ഥരുടെ പരിശോധന തടസപ്പെടുത്തിയ അദ്ദേഹത്തിനെതിരെ നടപടി വേണമെന്നുമാണ് ബി.ജെ.ഡി.യുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുകയും ചെയ്തു. അതേസമയം, സംഭവത്തെക്കുറിച്ച് ബി.ജെ.പി. ഇതുവരെ പ്രതികരിച്ചിട്ടില്ല.

Please watch the arrogance of BJP leader and Union Minister Dharmendra Pradhan. The way he threatens and rebukes Officers on Election Commission work and stops them from checking his sealed suitcase which is rumored to be carrying.....? pic.twitter.com/xnXb5v2CL6

— Dr. Sasmit Patra (@sasmitpatra) April 17, 2019