gowda

ബെംഗളുരു: ജെ.ഡി.എസിനെ കുടുംബ പ്രസ്ഥാനമാക്കി മാറ്റിയെന്ന വിമർശനത്തെ എതിർത്ത് മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്. ഡി ദേവഗൗഡ. പേരക്കുട്ടികളായ നിഖിൽ കുമാരസ്വാമിയും പ്രജ്വാൽ രേവണ്ണയും മത്സരിക്കണമെന്ന് പാർട്ടി നേതാക്കന്മാരും ജനങ്ങളും ആവശ്യപ്പെട്ടിരുന്നുവെന്ന് മാദ്ധ്യമപ്രവർത്തരോട് ദേവഗൗഡ പറഞ്ഞു. ഹസനിൽ വോട്ട് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു . താൻ രാഷ്ട്രീയത്തിൽ ഉയർന്നത് ദൈവത്തിന്റേയും വോട്ടർന്മാരുടേയും സഹായം ലഭിച്ചത് മൂലമാണ്. തന്റെ കുടുംബത്തിലെ ഒാരോ രാഷ്ട്രീയ പ്രവർത്തകനും തന്നാലാവും വിധം ജനങ്ങളെ സഹായിച്ചിട്ടുണ്ട്. നിഖിൽ മാണ്ഡ്യയിലെ സ്ഥാനാർത്ഥിയാണ്. പാർട്ടിയിലെ എട്ട് എം.എൽ.എമാരും മൂന്ന് മന്ത്രിമാരുമടക്കമുള്ള പ്രവർത്തകർ നിഖിൽ മത്സരിക്കണമെന്ന് നിർബന്ധം പിടിച്ചിരുന്നു. പ്രജ്വാൽ വർഷങ്ങളായി സാമൂഹിക സേവനം ചെയ്യുന്നുണ്ട്. ഹസനിൽ നിന്നാണ് പ്രജ്വാൽ മത്സരിക്കുന്നത്. പാർട്ടി പ്രവർത്തകരും ജനങ്ങളും അവൻ ചെയ്ത പ്രവൃത്തികളുടെ നല്ല വശം തിരിച്ചറിഞ്ഞതാണെന്നും ദേവഗൗഡ കൂട്ടിച്ചേർത്തു.