ak-antony

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്നും ഇടതുപക്ഷം കാഴ്ചക്കാരാണെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി പറഞ്ഞു. കൊല്ലം പ്രസ് ക്ലബിന്റെ 'ജനവിധി 2019" ൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കളിക്കാരെക്കുറിച്ച് മാത്രം പറഞ്ഞാൽ മതിയെന്നതിനാലാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ഇടതുപക്ഷത്തിനെതിരെ പ്രസംഗിക്കാത്തത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് കോൺഗ്രസ് നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാൻ രണ്ട് സീറ്റിന്റെ കുറവ് വന്നാൽ അവരുടെ സഹായം വേണ്ടി വരും.

ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ ആർ.എസ്.എസ് ആശയം അടിസ്ഥാനപ്പെടുത്തി പുതിയ ഭരണഘടന ഉണ്ടാക്കും. നരേന്ദ്ര മോദിയുടെ അതേ ശൈലിയാണ് പിണറായി വിജയനും പിന്തുടരുന്നത്. തിരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടിയാൽ കഴിഞ്ഞ മൂന്ന് വർഷത്തെ പിണറായി ആയിരിക്കില്ല അടുത്ത രണ്ട് വർഷം ഭരിക്കുക. അഹങ്കാരം കുറഞ്ഞ് മര്യാദയ്‌ക്ക് ഭരിക്കും.

മുഖ്യമന്ത്രിമാരിൽ മോദിക്ക് ഏറ്റവും സൗഹൃദം പിണറായിയോടാണ്. അവർക്കിടയിൽ പ്രത്യേക രസതന്ത്രമുണ്ട്. രാഹുൽ വയനാട്ടിൽ മത്സരിക്കാൻ വന്നതോടെ പിണറായിയുടെ സമനില തെറ്റി. ഇപ്പോൾ സ്ഥലജല വിഭ്രാന്തിയാണ്. സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിക്കാൻ ഒരു കോൺഗ്രസ് നേതാവിനെയും അനുവദിക്കില്ല. സ്‌ത്രീകളെ ബഹുമാനിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ വൻ വിജയം നേടും.

ആചാരസംരക്ഷണത്തിന്റെ പേരിൽ കേരളത്തിലുണ്ടായ അക്രമങ്ങൾക്കും കലാപങ്ങൾക്കും പിണറായിയും മോദിയും ഉത്തരവാദികളാണ്. വിശ്വാസത്തിന്റെ പേരിൽ കേരളത്തെ രണ്ടാക്കി. സുപ്രീംകോടതി വിധി വന്നപ്പോൾ പ്രധാനമന്ത്രി കുംഭകർണ സേവ നടത്തുകയായിരുന്നു. സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ആചാര ലംഘനത്തിന് അനുകൂല നിലപാടെടുത്തപ്പോൾ കേന്ദ്ര സർക്കാരിന്റെ അറ്റോർണി എതിർത്തില്ല. മൂന്ന് വർഷത്തിനിടെ സുപ്രീംകോടതിയുടെ ഡസൻ കണക്കിന് വിധികൾ കോൾഡ് സ്റ്റോറേജിൽ വച്ച പിണറായി ഈ വിധിയുടെ പകർപ്പ് ലഭിക്കും മുൻപേ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ശബരിമലയിലെ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകിയത് കോൺഗ്രസ് മാത്രമാണെന്നും ആന്റണി പറഞ്ഞു.