baghini

കൊൽക്കത്ത: ബഘിനി (പെൺകടുവ) എന്ന ബംഗാൾ ചലച്ചിത്രത്തിന്റെ ട്രയില‌ർ കണ്ട പലരിലും സംശയങ്ങൾ ഉടലെടുത്തേക്കാം. സിനിമയിലെ കേന്ദ്ര കഥാപാത്രത്തിന്റെ വേഷവിധാനങ്ങളായ റബർ ചെരുപ്പും, വെളുത്ത കൈത്തറി സാരിയും ഉയർത്തിപ്പിടിച്ച വിരലുകളും ! ഇത് ദീദിയല്ലേ? അതെ കാണികളിൽ ബഹുഭൂരിഭാഗവും ഉറപ്പിക്കും ഇത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തന്നെ . മമത ബാനർജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണിത്. എന്നാൽ, ഇതൊരു ബയോപിക് അല്ലെന്നും, സ്ത്രീ ശാക്തീകരണമാണ് സിനിമ കൈകാര്യം ചെയ്യുന്ന വിഷയമെന്നും ചിത്രത്തിന്റെ സംവിധായകൻ നെഹൽ ദത്ത പറയുന്നു. മമതയുടെ സംഭവബഹുലമായ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സിനിമ എടുത്തിരിക്കുന്നത്. ഇന്ദിര ബന്ദോപാദ്ധ്യായ് എന്നാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര്.

എന്നാൽ സിനിമയ്ക്കെതിരെ പ്രതിപക്ഷപാർട്ടികൾ രംഗത്തെത്തി കഴിഞ്ഞു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി സിനിമയുടെ ട്രയിലർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷണറുമായി ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തി. ബി.ജെ.പി ബംഗാൾ സംസ്ഥാന വൈസ് പ്രസിഡന്റ് ജോയ് പ്രകാശ് മജുംദാർ ചിത്രത്തിന്റെ ഉള്ളടക്കം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിട്ടുണ്ട്. എന്നാൽ, സിനിമയുമായി തങ്ങൾക്ക് യാതൊരു വിധ ബന്ധവുമില്ലെന്നാണ് തൃണമൂൽ പാർട്ടിയുടെ ദേശീയ വക്താവും രാജ്യസഭ എം.പിയുമായ ഡെറക് ഒ ബ്രിയൻ പറയുന്നത്.

മമത ബാനർജിയെ ഇതുവരെ കണ്ടിട്ടില്ലെന്നും ചിത്രത്തിൽ പാർട്ടിയുടെ ഇടപെടൽ ഇല്ലായെന്നുമാണ് സംവിധായകനായ നെഹൽ ദത്തയും നിർമ്മാതാവ് പിങ്കി പോൾ മൊണ്ടലും പറയുന്നത്. വാർത്താ ദൃശ്യങ്ങളും മമതയുടെ ജീവചരിത്രവും ആധാരമാക്കിയുള്ളതാണ് സിനിമ . ബംഗാളിന്റെ മാത്രമല്ല ഇന്ത്യയുടെ മുഴുവൻ അഭിമാനമാണ് മമത. ചിത്രംനല്ല സന്ദേശമാണ് നൽകുന്നത്. 2016ൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയ്ക്ക് കഴിഞ്ഞ ആഴ്ച്ചയാണ് സെൻസർബോർഡിന്റെ യു സർട്ടിഫിക്കറ്റ് ലഭിച്ചത്. ഇത്ര വൈകിയതിനാൽ ഇനിയും റിലീസ് നീട്ടിക്കൊണ്ടു പോകാൻ തങ്ങൾക്ക് താത്‌പര്യമില്ലെന്നും അവർ പറഞ്ഞു.

റുമാ ചക്രബൊർത്തിയാണ് മമതയായി വേഷമിട്ടിരിക്കുന്നത്. ഇതാദ്യമായല്ല റുമ മമതയുടെ രൂപത്തിൽ അഭിനയിക്കുന്നത്. നാടക നടിയായ റുമ മമതയായി വേഷമിടാറുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ തങ്ങളെ ബന്ധപ്പെട്ടിട്ടില്ല. ചിത്രം പെരുമാറ്റചട്ടം ലംഘിക്കുന്നില്ല എന്ന് ഉറപ്പുണ്ടെന്നും അവർ വ്യക്തമാക്കി.