news

1. ആലുവയില്‍ അമ്മയുടെ മര്‍ദ്ദനമേറ്റ കുട്ടി അപകടനില തരണം ചെയ്തിട്ടില്ല എന്ന് ആശുപത്രി അധികൃതര്‍. ജീവന് ഭീഷണി ആയിരുന്ന രക്തസ്രാവം നിയന്ത്രിച്ചു. തലച്ചോറിന്റെ വലതു ഭാഗത്തെ പരുക്ക് ഗുരുതരം എന്നും വരുന്ന 48 മണിക്കൂര്‍ നിര്‍ണായകം എന്നും ഡോക്ടര്‍മാര്‍. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിച്ചിരുന്നു

2. കുഞ്ഞിന്റെ അയല്‍വാസികളുടേയും മൊഴി പൊലീസ് ശേഖരിക്കും. ആലുവയിലെ കുട്ടി നേരിട്ടത് ക്രൂരമര്‍ദ്ദനം എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എസ്. സുരേന്ദ്രന്‍. ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു എന്നും കട്ടിയുള്ള തടികൊണ്ട് തലയ്ക്കടിച്ചു എന്നും പൊലീസ്. അമ്മയുടെ കയ്യില്‍ നിന്ന് വീണ് പരിക്കേറ്റു എന്ന് പറഞ്ഞാണ് കുഞ്ഞിനെ പിതാവ് ആശുപത്രിയില്‍ എത്തിച്ചത്. തലയോട്ടിയില്‍ പൊട്ടലും ശരീരം ആസകലം പൊള്ളല്‍ ഏല്‍ക്കുകയും ചെയ്ത കുട്ടി വെന്റിലേറ്ററില്‍ ആണ്. ശരീരത്തിലെ പൊള്ളലേറ്റ പാടുകള്‍ പഴക്കം ചെന്നതാവാം എന്നാണ് ഡോക്ടര്‍മാരുടെ സംശയം. കുഞ്ഞിന്റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

3. ഇന്ത്യന്‍ സേനയെ മോദി സൈന്യം എന്ന വിശേഷിപ്പിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിനായി വലിച്ചിഴയ്ക്കരുത്. ഇക്കാര്യത്തില്‍ നേതാക്കള്‍ ജാഗ്രത പാലിക്കണം എന്നും കമ്മിഷന്‍. ഉത്തര്‍പ്രദേശിലെ റാം പൂരിയിലെ ബി.ജെ.പി റാലിയില്‍ ആയിരുന്നു മുക്താര്‍ അബ്ബാസ് നഖ്വിയുടെ വിവാദ പരാമര്‍ശം. നേരത്തെ യു.പി.മുഖ്യന്‍ യോഗി ആദിത്യ നാഥിന്റെ പ്രസ്താവനയും വിവാദം ആയിരുന്നു. നേതാക്കള്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതില്‍ പ്രതിഷേധിച്ച് വിരമിച്ച സൈനികര്‍ രാഷ്ട്രപതിക്ക് കത്തും നല്‍കിയിരുന്നു

4. സംസ്ഥാന വനിതാ കമ്മിഷന് എതിരെ രൂക്ഷ വിമര്‍ശനവുമായി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ പ്രസ്താവനയ്ക്ക് എതിരെ പരാതി നല്‍കിയിട്ടും കേസ് എടുക്കാന്‍ വനിതാ കമ്മിഷന്‍ തയ്യാറായില്ല. വനിതാ കമ്മിഷന്റെ വിവേചനം രമ്യാ ഹരിദാസ് തുറന്നടിച്ചത് തൃശൂരിലെ വാര്‍ത്താ സമ്മേളനത്തില്‍. കമ്മിഷന്റെ ഇടപെടലുകള്‍ രാഷ്ട്രീയം നോക്കി എന്നും ആരോപണം

5. കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ എതിര്‍ സ്ഥാനാര്‍ത്ഥി ആയ വനിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ വീഡിയോ പുറത്തിറക്കി എന്ന് ആരോപിച്ച് മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തു. താന്‍ നല്‍കിയ പരാതിയിലും സമാന രീതിയില്‍ നടപടി സ്വീകരിക്കാം എന്നിരിക്കെ കമ്മിഷന്‍ ഒന്നും ചെയ്തില്ലെന്നും രമ്യാ ഹരിദാസ്

6. രാജ്യം രണ്ടാംഘട്ടം വിധി എഴുതവെ, കോണ്‍ഗ്രസിനോട് ചോദ്യങ്ങള്‍ ഉയര്‍ത്തി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആരാണ് മുഖ്യ ശത്രു എന്ന് വ്യക്തമാക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാവണം. ബി.ജെ.പിയെ പരാജയപ്പെടുത്തിയതിനെ കുറിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 22 ദേശീയ പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ആണ് രാഹുല്‍ വയനാട്ടില്‍ ഇടതിനെ നേരിടുന്നത് എന്ന് യെച്ചൂരി

7. കേരളം മാതൃകാ സംസ്ഥാനം എന്ന് രാഹുല്‍ അഭിമാനപൂര്‍വം പറയുന്നു. ഒരിക്കല്‍ ഭ്രാന്താലയം എന്ന് മുദ്രകുത്തപ്പെട്ട കേരളത്തെ മതനിരപേക്ഷ കേരളം ആക്കിയതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വഹിച്ച പങ്ക് വലുതാണ്. മതന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യമുള്ള സംസ്‌കാരം ആണ് കേരളത്തിന്റേത്. ഈ മഹത്തായ മാനവികത നിലനിര്‍ത്താന്‍ ബി.ജെ.പിയെ ഇനി ഒരിക്കലും മടങ്ങിവരാന്‍ കഴിയാത്ത വിധം പരാജയപ്പെടുത്തണം എന്നും സീതാറാം യെച്ചൂരി

8. മുസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് എതിരെ കേസ് എടുത്തു. മതസ്പര്‍ധ വളര്‍ത്തി, വര്‍ഗീയ ചേരിതിരിവിന് ഇടയാക്കി എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് എടുത്തത്, സി.പി.എം നേതാവ് വി. ശിവന്‍കുട്ടി നല്‍കിയ പരാതിയില്‍. പൊലീസ് നടപടിയില്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് പി.എസ് ശ്രീധരന്‍ പിള്ള

9. വിവാദം ആയത്, ആറ്റിങ്ങലിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കവെയുള്ള ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം. പ്രസ്താവനയ്ക്ക് എതിരെ എല്‍.ഡി.എഫും ബി.ജെ.പിയും രംഗത്ത് എത്തി. ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ ഉണ്ടാകുമ്പോള്‍ ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, വസ്ത്രങ്ങള്‍ ഇവ മാറ്റി നോക്കണം എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിവാദ പരാമര്‍ശം

10. അതിനിടെ, കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്റെ വിവാദ തിരഞ്ഞെടുപ്പ് വീഡിയോയില്‍ പ്രതികരിച്ച് സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ രംഗത്ത്. കെ. സുധാകരന്‍ സ്ത്രീത്വത്തെ അപമാനിക്കുന്നത് ഇത് ആദ്യമായല്ല. സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിയെ കുറിച്ച് പറഞ്ഞ വാചകം മനസാക്ഷിയുള്ള ആരും പൊറുക്കില്ല എന്നും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പറഞ്ഞു. ആനിരാജ, ശാരദക്കുട്ടി, മറിയം ധാവ്‌ളെ, ദീദി ദാമോദരന്‍, കെ. അജിത അന്വേഷി, സജിത മഠത്തില്‍, റിമാ കല്ലിങ്കല്‍ എന്നിവരാണ് പ്രതിഷേധ കുറിപ്പുമായി രംഗത്ത് എത്തിയത്

11. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്നത് സസ്‌പെന്‍സ് ആയി തന്നെ തുടരട്ടെ എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിയങ്ക മത്സരിക്കും എന്നോ ഇല്ലെന്നോ രാഹുല്‍ പറഞ്ഞില്ല. പ്രതികരണം, ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍. വാരണാസിയില്‍ പ്രധാനമന്ത്രിക്ക് എതിരെ പ്രിയങ്ക എത്തുമോ എന്ന ചോദ്യത്തിന് അത് താന്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യില്ല എന്നായിരുന്നു രാഹുലിന്റെ മറുപടി