jet

ന്യൂഡൽഹി: കടക്കെണിയിൽപ്പെട്ട് 'തത്കാലം" പ്രവർത്തനം അവസാനിപ്പിച്ച ജെറ്ര് എയർവേസിന്റെ കഷ്‌ടകാലം സമീപഭാവിയിലെങ്ങും ഒഴിഞ്ഞേക്കില്ല. ജെറ്രിന്റെ നിയന്ത്രണം ഏറ്റെടുത്ത ബാങ്കിംഗ് കൺസോർഷ്യം ഓഹരി വില്‌പനയ്ക്കായി താത്പര്യപത്രം ക്ഷണിച്ചിരുന്നു. ഈ 'പത്രങ്ങൾ" മേയ് 10ന് തുറക്കും. താത്പര്യപത്രം സമർപ്പിച്ച കമ്പനികളിൽ ഒന്നുപോലും യോഗ്യത നേടിയില്ലെങ്കിൽ ജെറ്റ് എയർവേസിനെതിരെ കോടതിയെ സമീപിക്കാനാണ് ബാങ്കുകളുടെ തീരുമാനം.

എസ്.ബി.ഐ നയിക്കുന്ന കൺസോർഷ്യത്തിന് 8,500 കോടി രൂപയോളം ജെറ്ര് എയർവേസ് തിരിച്ചടയ്‌ക്കാനുണ്ട്. വായ്‌പാ തിരിച്ചടവ് മുടങ്ങിയതോടെ മാർച്ച് 25നാണ് ജെറ്രിന്റെ നിയന്ത്രണം കൺസോർഷ്യം ഏറ്രെടുത്തത്. ജെറ്രിന്റെ സ്ഥാപക ചെയർമാനായിരുന്ന നരേഷ് ഗോയൽ ഉൾപ്പെടെയുള്ള ഡയറക്‌ടർ ബോർഡംഗങ്ങൾ കമ്പനിയിൽ നിന്ന് രാജിവയ്‌ക്കുകയും ചെയ്‌തു. തുടർന്നാണ്, വായ്‌പാത്തുക തിരിച്ചു പിടിക്കാനായി ജെറ്രിന്റെ 75 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ ബാങ്കുകൾ തീരുമാനിച്ചത്.

ഇതിനായി താത്പര്യപത്രം ക്ഷണിച്ചെങ്കിലും ആദ്യഘട്ടത്തിൽ ഒരു കമ്പനിയും വന്നില്ല. തുടർന്ന്, വ്യവസ്ഥകൾ പരിഷ്‌കരിച്ച് വീണ്ടും താത്പര്യപത്രം ക്ഷണിച്ചു. ജെറ്ര് എയർവേസിൽ നിലവിൽ 24 ശതമാനം ഓഹരി പങ്കാളിത്തമുള്ള എത്തിഹാദ് എയർവേസ്, ഇൻഡിഗോ, ടി.പി.ജി കാപ്പിറ്റൽ തുടങ്ങിയ കമ്പനികളാണ് താത്പര്യപത്രം സമർപ്പിച്ചിരിക്കുന്നത്. നരേഷ് ഗോയലും താത്പര്യപത്രം സമർപ്പിച്ചെങ്കിലും പിന്നീട് പിന്മാറി.

യോഗ്യരായ കമ്പനികളെ ലഭിക്കാതെ, ഓഹരി വില്‌പന പാളിയാൽ, വായ്‌പാ തിരിച്ചടവ് മനഃപൂർവം മുടക്കിയ കുറ്റം ആരോപിച്ച് ബാങ്കുകൾ ജെറ്ര് എയർവേസിനെതിരെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ (എൻ.സി.എൽ.ടി) സമീപിക്കും. വായ്‌പ എടുത്ത് കിട്ടാക്കടം ആക്കുന്നവർക്കെതിരെ ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്‌റ്ര്‌സി കോഡ് (ഐ.ബി.സി) പ്രകാരം എൻ.സി.എൽ.ടിയെ സമീപിക്കണമെന്ന റിസർവ് ബാങ്കിന്റെ നിർദേശ പ്രകാരമാണിത്. കോടതി നടപടികളിലേക്ക് ബാങ്കുകൾ കടന്നാൽ, ജെറ്ര് എയർവേസ് പൂർണമായും അടച്ചുപൂട്ടുന്ന സ്ഥിതിയുണ്ടാകും.

തകർന്നടിഞ്ഞ്

ജെറ്ര് ഓഹരികൾ

പ്രവർത്തനം അവസാനിപ്പിച്ചതോടെ, ജെറ്ര് എയർവേസിന്റെ ഓഹരിമൂല്യം തകർന്നടിയുകയാണ്. ഇന്നലെ മാത്രം 34 ശതമാനം വരെ തകർന്നു. 163 രൂപയാണ് ഇപ്പോൾ ഓഹരിവില. കഴിഞ്ഞ 10 വർഷത്തെ ഏറ്റവും മോശം വിലയാണിത്. 2005ൽ 1,303 രൂപ, 2010ൽ 718 രൂപ, 2015ൽ 435 രൂപ എന്നിങ്ങനെയായിരുന്നു ജെറ്ര് ഓഹരികളുടെ മൂല്യം. കടക്കെണിയിലായതോടെ ഈ ജനുവരിയിൽ മൂല്യം 285 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു.

₹983 കോടി

പ്രവർത്തനം പുനരാരംഭിക്കണമെങ്കിൽ അടിയന്തരമായി ജെറ്രിന് 983 കോടി രൂപ വേണം. എന്നാൽ, പണം തരില്ലെന്ന് ബാങ്കുകൾ വ്യക്തമാക്കിയിട്ടുണ്ട്.

ടിക്കറ്ര് നിരക്കിൽ

വൻ കുതിപ്പ്

ജെറ്ര് എയർവേസ് നിലംപൊത്തിയത് ആഘോഷമാക്കുകയാണ് മറ്ര് വിമാന കമ്പനികൾ. അവധിക്കാലത്തെ പതിവ് തിരക്കുംകൂടി കണക്കിലെടുത്ത് ആഭ്യന്തര - രാജ്യാന്തര ടിക്കറ്ര് നിരക്ക് വിമാനക്കമ്പനികൾ മൂന്നും നാലും ഇരട്ടിയാക്കി കൂട്ടിക്കഴിഞ്ഞു. സാധാരണ കൊച്ചി - ദുബായ് നിരക്ക് 6,000 - 10,000 രൂപയാണ്. എന്നാൽ, ഇന്നത്തെ നിരക്ക് 21,189 രൂപ മുതൽ 1.31 ലക്ഷം രൂപ വരെയാണ്. ശരാശരി 6,000 രൂപയുള്ള കൊച്ചി-ഡൽഹി നിരക്ക് ഇന്ന് 8,189 രൂപ മുതൽ 37,124 രൂപവരെയാണ്. എല്ലാ റൂട്ടുകളിലും ഇത്തരത്തിൽ വർദ്ധന ദൃശ്യമാണ്. അതേസമയം, തിരക്കുമൂലം ടിക്കറ്ര് കിട്ടാനുമില്ല.

ദുരിതച്ചിറകിൽ ജീവനക്കാർ

ജെറ്ര് എയർവേസ് പ്രവർത്തനം നിറുത്തിയതോടെ 20,000ത്തോളം ജീവനക്കാരുടെ ഭാവിയാണ് തുലാസിലായത്. 400 പൈലറ്റുമാരും 40 എൻജിനിയർമാരും കുറഞ്ഞ ശമ്പളത്തിന് മറ്റ് കമ്പനികളിൽ ജോലി നേടിയിട്ടുണ്ട്. 1,300ഓളം പൈലറ്റുമാർ ഉൾപ്പെടെയുള്ള മറ്ര് ജീവനക്കാരാണ് പെരുവഴിയിലായത്. ഇവർക്ക് മാസങ്ങളായി ശമ്പളം കിട്ടിയിട്ടുമില്ല.