election-2019

സുൽത്താൻ ബത്തേരി: വൻകിട കോർപ്പറേറ്റുകൾക്ക് ആനുകൂല്യം നൽകി അവരിൽ നിന്നു കൈപ്പറ്റുന്ന അഴിമതിപ്പണമാണ് ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ചെലവാക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബത്തേരിയിൽ വയനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി. സുനീറിന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇലക്‌ടറൽ ബോണ്ടുകൾ രൂപീകരിച്ച് മോദി സർക്കാർ അഴിമതി നിയമവിധേയമാക്കി. ബോണ്ടിൽ 95 ശതമാനവും ബി.ജെ.പിക്കാണ് ലഭിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ കോർപറേറ്റുകൾക്കായി വിറ്റു തുലച്ചു. റാഫേൽ ഇടപാടിലൂടെ അംബാനിക്ക് കോടികളുടെ ആനുകൂല്യം നൽകി. ഇവരിൽ നിന്ന്‌ കൈപ്പറ്റുന്ന കമ്മിഷൻ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണ്. രാജ്യത്തെ സമ്പത്തിന്റെ 73 ശതമാനവും ഒരു ശതമാനം മാത്രം വരുന്ന കോർപറേറ്റുകളുടെ കൈയിലാണ്. ശതകോടീശ്വരരിൽ എട്ട് പേർ ഗുജറാത്തുകാരാണ്.
എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും മോദി സർക്കാർ നോക്കുകുത്തിയാക്കി. സി.ബി.ഐയെയും ആർ.ബി.ഐയെയും രാഷ്ട്രീയായുധമാക്കി. ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പു കമ്മിഷനെ സുപ്രീംകോടതിക്ക് ശാസിക്കേണ്ടി വന്നു. ഹിന്ദു രാഷ്ട്രമാണ് മോദിയുടെ ലക്ഷ്യം.
കേരളത്തിലെ സംസ്‌കാരവും പാരമ്പര്യവും തിരിച്ചുപിടിക്കണമെന്നു പറഞ്ഞ മോദിയുടെ പ്രസ്‌താവന പരിഹാസ്യമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംസ്ഥാനമാണ് കേരളം. ഇ.എം.എസ് സർക്കാർ നടപ്പാക്കിയ ഭൂ പരിഷ്‌കരണ നിയമവും വിദ്യാഭ്യാസ ബില്ലും മറ്റുമാണ് ഈ നേട്ടത്തിനു കാരണം. എന്നാൽ ബി.ജെ.പി ഉത്തരേന്ത്യയിൽ ഗോസംരക്ഷണ സേന, റോമിയോ സേന തുടങ്ങിയവ രൂപീകരിച്ച് മനുഷ്യാവകാശങ്ങളെ അടിച്ചമർത്തുന്നു. കൊച്ചു കുഞ്ഞുങ്ങൾ പോലും ക്രൂരമായി മാനഭംഗം ചെയ്യപ്പെടുന്നു. കേരളത്തിൽ നല്ല ബീഫ് കിട്ടാൻ സമരം ചെയ്യുന്ന ബി.ജെ.പി, ഉത്തരേന്ത്യയിൽ ഇറച്ചി സൂക്ഷിക്കുന്നവനെപ്പോലും കശാപ്പു ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.