കൊച്ചി: ആലുവയിൽ മൂന്നുവയസുകാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ അമ്മയെ അറസ്റ്റുചെയ്തു. വധശ്രമം, ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്.
എന്നാൽ കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഫോറൻസിക് മെഡിസിൻ മേധാവി ഡോ.എൻ. ജയദേവ് പറഞ്ഞു. ജീവന് ഭീഷണിയായിരുന്ന രക്തസ്രാവം നിയന്ത്രിച്ചു. തലച്ചോറിന്റെ വലതുഭാഗത്തെ പരുക്ക് ഗുരുതരമാണെന്നും വരുന്ന 48 മണിക്കൂർ നിർണായകമാണെന്നും അധികൃതർ അറിയിച്ചു.
മാരകമായി പരുക്കേറ്റ നിലയിൽ കഴിഞ്ഞ രാത്രി ആലുവയിൽ ആശൂപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മൂന്നു വയസുകാരനെ മർദ്ദിച്ചത് സ്വന്തം അമ്മ തന്നെയെന്ന് കണ്ടെത്തിയിരുന്നു. അനുസരണക്കേടിന് കുട്ടിയെ ശിക്ഷിച്ചെന്നാണ് അമ്മയുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. ശസ്ത്രക്ക്രിയക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ രാത്രി ആലുവയിൽ ആശൂപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയുടെ തലയോടിൽ ഗുരുതര പൊട്ടലുണ്ട്. ശസ്ത്രക്രിയക്ക് ശേഷവും ആന്തരിക രക്തസ്രാവം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. ശരീരമാസകലം പൊള്ളലേറ്റ പാടുകളുണ്ട്. ഇതെല്ലാം കുട്ടിയുടെ അമ്മ ഏല്പിച്ചതാണ് എന്നാണ് പൊലീസ് നിഗമനം. അമ്മക്കൊപ്പം താമസിക്കുന്ന ആൾ കുട്ടിയുടെ അച്ഛൻ ആണോയെന്ന് ഉറപ്പില്ല. ജാർഖണ്ഡ് പോലീസുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. ഡോക്ടർമാരുടെ സംഘം രാവിലെ യോഗംചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തി.