കൊൽക്കത്ത: രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ പശ്ചിമബംഗാളിൽ പലയിടത്തും വ്യാപക അക്രമങ്ങളുണ്ടായി. റായ്ഗഞ്ചിലെ സി.പി.എം സ്ഥാനാർത്ഥിയും പി.ബി അംഗവുമായ മുഹമ്മദ് സലീമിന്റെ വാഹനത്തിന് നേരെ അക്രമികൾ കല്ലെറിഞ്ഞു. റായ്ഗഞ്ചിലെ ഇസ്ലാംപൂരിൽ വച്ച് ഇന്നലെ ഉച്ചയോടെയാണ് സംഭവം. റായ്ഗഞ്ചിലെ പഡഗോരയിലെ ബൂത്തിൽ വോട്ട് ചെയ്യാനായി സലീം പോകുമ്പോഴാണ് ആക്രമണമുണ്ടായത്. വാഹന വ്യൂഹം കടന്നുപോകുന്നതിനിടെ ഒരു കൂട്ടം ആൾക്കാർ കല്ലുകളും ഇഷ്ടികകളും എറിയുകയായിരുന്നു. ആക്രമണത്തിൽ സലീമിന് പരിക്കേറ്റിട്ടില്ലെങ്കിലും സഞ്ചരിച്ചിരുന്ന വാഹനം തകർന്നു.
അതേസമയം ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് മുഹമ്മദ് സലീം ആരോപിച്ചു.
റായ്ഗഞ്ചിൽ സിറ്റിംഗ് എം.പിയായ മുഹമ്മദ് സലീമും കോൺഗ്രസിന്റെ ദീപാദാസ് മുൻഷിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. അന്തരിച്ച കോൺഗ്രസ് നേതാവ് പി.ആർ. ദാസ് മുൻഷിയുടെ മകളാണ് ദീപ
തൃണമൂൽ ബൂത്ത് പിടിച്ചെടുത്തു;
ഗ്രാമീണർ റോഡ് ഉപരോധിച്ചു
ഡാർജിലിംഗ് മണ്ഡലത്തിലെ ചോപ്രയിൽ തൃണമൂൽ പ്രവർത്തകർ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഗ്രാമീണർ ദേശീയപാത ഉപരോധിച്ചു. പിന്നീടു സുരക്ഷാ സേനയെത്തിയാണ് ഇവരെ നീക്കിയത്.
വോട്ട് ചെയ്യാനെത്തിയവരുടെ തിരിച്ചറിയൽ രേഖകൾ പിടിച്ചെടുക്കുകയും സ്ത്രീകളെ മർദ്ദിക്കുകയും ചെയ്തതായും ഗ്രാമീണർ ആരോപിച്ചു. ചോപ്രയിലെ 112-ാം ബൂത്തിനുള്ളിൽ തൃണമൂൽ-ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. പോളിംഗ് ബൂത്ത് അടിച്ചുതകർക്കുകയും വോട്ടിംഗ് യന്ത്രം നശിപ്പിക്കുകയും ചെയ്തു.