അഹമ്മദാബാദ്: എൻ.ഡി.എ സർക്കാരിന്റെ അഭിമാന പദ്ധതിയായ സർദാർ വല്ലഭായി പട്ടേൽ പ്രതിമയെ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമ സ്ഥാപിച്ചത് മുൻ പ്രധാനമന്ത്രി നെഹ്റുവിനെ താഴ്ത്തിക്കെട്ടാനല്ലെന്നും മോദി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്ന് ഗൂഗിളിൾ സെർച്ച് ചെയ്യുമ്പോൾ ഗുജറാത്തിന്റെ പേര് കാണാനാവുന്നതിൽ അഭിമാനം തോന്നുന്നില്ലേ എന്നും മോദി ജനങ്ങളോട് ചോദിച്ചു.
പ്രതിപക്ഷ നേതാക്കളാരും ഇതുവരെ പ്രതിമ കാണാൻ എത്തിയിട്ടില്ല. പട്ടേൽ പ്രതിമ വലുപ്പം കൂടിയത് കൊണ്ട് മറ്റുള്ളവർ ചെറുതാണെന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ അമ്രേലിയിൽ വച്ച് നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാശ്മീർ പ്രശ്നം പരിഹരിക്കാൻ പറ്റാത്തിന്റെ കാരണം കോൺഗ്രസാണ്. ജമ്മു കാശ്മീരിൽ മൂന്ന് ജില്ലകളിൽ മാത്രമായി തീവ്രവാദം ഒതുക്കുന്നതിൽ കേന്ദ്രസർക്കാർ വിജയിച്ചെന്നും മോദി കൂട്ടിച്ചേർത്തു.
മുമ്പ് പൂനെയിലും അഹമ്മദാബാദിലും ഹൈദരാബാദിലും ജമ്മു കശ്‌മീരിലുമെല്ലാം ബോംബ് സ്‌ഫോടനങ്ങൾ പതിവായിരുന്നു. എന്നാൽ എൻ.ഡി.എ സർക്കാർ വന്നതിന് ശേഷമുള്ള അഞ്ച് വർഷത്തിനിടെ ഒരിക്കലെങ്കിലും അങ്ങനെ ഇടയ്‌ക്കിടെയുള്ള ബോംബ് സ്‌ഫോടനങ്ങൾ നടന്നിട്ടുണ്ടോ എന്നും മോദി ചോദിച്ചു. കോൺഗ്രസ് സ്വീകരിച്ച നയങ്ങളാണ് കാശ്മീർ പ്രശ്നം വഷളാക്കിതെന്നും മോദി കുറ്റപ്പെടുത്തി.