തൃശൂർ:വാക്കുതർക്കത്തെ തുടർന്നുണ്ടായ പകയിൽ ടിപ്പർ ലോറി ഡ്രൈവറെ മുമ്പ് ഒപ്പം ജോലി ചെയ്‌തിരുന്നയാൾ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. ചേറ്റുപുഴ തെറ്റാരി വീട്ടിൽ വേലപ്പൻ മകൻ ശശിധരനാണ് (49) മരിച്ചത്. ചേറ്റുപുഴ കടവിൽ ഹൗസിൽ ദീപുവിനെ (43) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.
ജോലിക്കായി വീട്ടിൽ നിന്നിറങ്ങിയ ശശിധരനെ ചേറ്റുപുഴ ആമ്പക്കാട്ട് മൂലയിൽ വച്ച് ദീപു മുളവടി കൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. ചായ കുടിക്കാനായി അതുവഴി വന്ന പ്രശാന്ത് എന്നയാൾ ദീപുവിനെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രശാന്തിനെ വടി കൊണ്ട് ആക്രമിച്ച് ദീപു ഓടിച്ചു. പ്രശാന്തിന്റെ ബഹളം കേട്ട് കൂടുതൽ പേരെത്തി. ഒളരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തൃശൂർ ജനറൽ ആശുപത്രിയിൽ ശശിധരനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ശശിധരന്റെ മരണം സ്ഥിരീകരിച്ചു.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച ദീപുവിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. ആക്രമിക്കാൻ ഉപയോഗിച്ച മുളവടി സമീപത്തെ വെറ്ററിനറി ആശുപത്രി പരിസരത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. വാർക്കപ്പണിക്കായി കൊണ്ടുവന്ന മുളവടിയാണിത്. ഇയാൾ മുളവടിയുമായി പടിഞ്ഞാറെക്കോട്ടയിൽ കഴിഞ്ഞ ദിവസം കറങ്ങി നടക്കുന്നത് കണ്ടവരുണ്ട്.
ദീപുവും ശശിധരനും പലപ്പോഴും ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. ഇതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. അതിന്റെ വൈരാഗ്യത്തിൽ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ദീപു അതിരാവിലെ വടിയുമായി ഒളിച്ചു നിന്നതാണെന്ന് പൊലീസ് പറഞ്ഞു. ദീപുവിനെതിരെ മുമ്പും വെസ്റ്റ് സ്റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോൺഗ്രസ് സജീവ പ്രവർത്തകനായിരുന്നു ശശിധരൻ. ഉഷയാണ് ഭാര്യ. മക്കൾ: നിഹിൽ, മിഥുൻ, തീർത്ഥ.