കൽപറ്റ: യുവമോർച്ച കൽപറ്റയിൽ നടത്തിയ യുവ ആവേശ് റാലി എൻ.ഡി.എയുടെ ശക്തിപ്രകടനമായി. നൂറുകണക്കിന് എൻ.ഡി.എ പ്രവർത്തകർ കനത്ത മഴയെ വെല്ലുവിളിച്ച് കൽപറ്റയുടെ തെരുവിലൂടെ മുദ്രാവാക്യം മുഴക്കി മുന്നേറി.
പ്രധാനമന്ത്രിക്കും വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്കും അഭിവാദ്യമർപ്പിച്ച റാലി വൈകിട്ട് അഞ്ചോടെ പൊതുസമ്മേളന നഗരിയിലെത്തി. ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പുതന്നെ സ്ഥാനാർത്ഥി തുഷാർ വേദയിലെത്തി. ഇതോടെ പ്രവർത്തകരുടെ ആവേശം ഇരട്ടിയായി.
ഉത്തരേന്ത്യയിൽ നിന്നു വന്ന് ദക്ഷിണേന്ത്യയെ രക്ഷിക്കാൻ പോവുകയാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗം ഇന്ത്യയെ രണ്ടായി കാണുന്നതു കൊണ്ടാണെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മുമ്പ് ഇന്ത്യയെ വിഭജിച്ചത് അദ്ദേഹത്തിന്റെ പൂർവികരാണ്. അമേതിയിൽ ഒരു കാരണവശാലും ജയിക്കാൻ സാഹചര്യമില്ലെന്നു മനസിലാക്കിയാണ് രാഹുൽ വയനാട്ടിലെത്തിയത്. ഇവിടെ നിന്ന് എളുപ്പം ജയിച്ചുകയറാം എന്ന മിഥ്യാധാരണയാണ് അദ്ദേഹത്തെ നയിക്കുന്നത്.
മഹാരാഷ്ട്ര മുതൽ തമിഴ്നാട് വരെയുള്ള ഒരു സംസ്ഥാനത്തും നൂറു ശതമാനം ജയസാദ്ധ്യതയുള്ള ഒരു സീറ്റും കോൺഗ്രസിനില്ല. കഴിഞ്ഞ തവണ പ്രധാനമന്ത്രിയാകുമെന്ന പ്രഖ്യാപനവുമായി വന്ന രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ നേതാവു പോലും ആകാൻ സാധിച്ചില്ല. ഈ തിരഞ്ഞെടുപ്പിൽ അതിനേക്കാൾ വലിയ തോൽവിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ഇന്ത്യ നരേന്ദ്രമോദി തന്നെ ഭരിക്കും. അതിന് ആർക്കും സംശയം വേണ്ട. നരേന്ദ്രമോദിയുടെ കരങ്ങൾക്ക് ശക്തി പകരുകയാണ് തന്റെ ദൗത്യമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
വയനാട്ടിൽ കോൺഗ്രസിനാണ് പ്രതികൂല കാലാവസ്ഥയുള്ളതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ കീഴിലാണ് എൻ.ഡി.എ മത്സരിക്കുന്നതെന്നും വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.