pj-kurien

പത്തനംതിട്ട: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുമ്പോഴുണ്ടായ തെറ്റുകൾക്ക് വിശദീകരണവുമായി കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ. പരിഭാഷയിലെ അപാകത സംഭവിച്ചതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പലരും തന്നെ അധിക്ഷേപിക്കുന്നുണ്ടെന്നും. അവരോടൊന്നും തനിക്ക് പരാതിയില്ലെന്നും പി.ജെ കുര്യൻ ഫേസ്ബുക്കിൽ കുറിച്ചു.

പത്തനംതിട്ടയിൽ തന്നെ രാഹുൽജിയുടെയും സോണിയാജിയുടെയും പ്രസംഗങ്ങളും കോട്ടയത്ത് ശ്രീ.മൻമോഹൻസിങ്ങിന്റെ പ്രസംഗവും ഞാൻ മുൻപ് അപാകതകൾ ഇല്ലാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്നും പത്തനംതിട്ട സ്ഥാനാർത്ഥി ആന്റോ ആന്റണി നിബന്ധിച്ചതുകൊണ്ടാണ് താൻ പരിഭാഷയ്ക്ക് സമ്മതിച്ചതെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പരിഭാഷയിലെ പാകപ്പിഴ

രാഹുൽജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിലെ ചില പാകപ്പിഴമൂലം സോഷ്യൽ മീഡിയയിൽ പലരും എന്നെ അധിക്ഷേപിക്കുണ്ട്. അവരോടൊന്നും പരാതിയില്ല.

പ്രസംഗകൻ പറയുന്നത് പരിഭാഷകന് കേൾക്കാൻ കഴിയുന്നില്ലെങ്കിൽ എന്തു ചെയ്യും ? ഞാൻ ആദ്യമായിട്ടല്ല പരിഭാഷപ്പെടുത്തുന്നത്. പത്തനംതിട്ടയിൽ തന്നെ രാഹുൽജിയുടെയും സോണിയാജിയുടെയും പ്രസംഗങ്ങളും കോട്ടയത്ത് ശ്രീ.മൻമോഹൻസിങ്ങിന്റെ പ്രസംഗവും ഞാൻ മുൻപ് അപാകതകൾ ഇല്ലാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

"സാർ ഈ പണിയ്ക്ക് പോയത് എന്തിനാണ് എന്ന് " ചില സുഹൃത്തുക്കൾ ചോദിക്കുന്നു. സ്‌ഥാനാർത്ഥി ശ്രീ .ആന്റോ ആന്റണി നിബന്ധിച്ചതുകൊണ്ടാണ് ഞാൻ പരിഭാഷയ്ക്ക് സമ്മതിച്ചത്. എ ഐ സി സി ഒബ്സർവേർറും ഡി സി സി പ്രസിഡന്റും ഇതേ നിലപാട് എടുത്തു.

ഞാൻ തന്നെ പരിഭാഷപ്പെടുത്തണമെന്ന് സ്ഥാനാർഥി നിർബന്ധിച്ചപ്പോൾ അത് അംഗീകരിച്ചു.