ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ ഹെലികോപ്ടറിലും
പെട്ടി കണ്ടെത്തിയ സംഭവം വിവാദത്തിൽ. ഹെലികോപ്ടറും പെട്ടിയും പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ കേന്ദ്രമന്ത്രി തടയുകയും ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയ്തു. സംഭവം വിവാദമായതോടെ മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.ഡി രംഗത്തെത്തി. കഴിഞ്ഞദിവസം ഒഡിഷയിലെത്തിയ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ധർമ്മേന്ദ്ര പ്രധാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന തടഞ്ഞതോടെയാണ് സംഭവം വിവാദമായത്. മന്ത്രിയുടെ ഹെലികോപ്ടറും സീൽ ചെയ്ത നിലയിലുണ്ടായിരുന്ന പെട്ടിയും പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. ഇതോടെ മന്ത്രിയുടെ കൈവശമുണ്ടായിരുന്ന പെട്ടിയിൽ പണമാണെന്ന ആരോപണവുമായി പ്രതിപക്ഷകക്ഷികൾ രംഗത്തെത്തി.
മന്ത്രിയുടെ കൈവശമുണ്ടായിരുന്ന പെട്ടിയിൽ പണമാണെന്ന് സംശയമുണ്ടെന്നും ഉദ്യോഗസ്ഥരുടെ പരിശോധന തടസപ്പെടുത്തിയ അദ്ദേഹത്തിനെതിരെ നടപടി വേണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അതേസമയം, സംഭവത്തെക്കുറിച്ച് ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്ടറിൽനിന്ന് ഒരു പെട്ടി പുറത്തേക്ക് കൊണ്ടുപോയത് വിവാദമായിരുന്നു.