മുംബയ്: ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ റിലയൻസ് ഇൻഡസ്‌ട്രീസ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന പാദമായ ജനുവരി-മാർച്ചിൽ 9.79 ശതമാനം വർദ്ധനയോടെ 10,362 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 9,438 കോടി രൂപയായിരുന്നു. വരുമാനം 19.40 ശതമാനം ഉയർന്ന് 1.54 ലക്ഷം കോടി രൂപയായി. റീട്ടെയിൽ, ടെലികോം വിഭാഗങ്ങളുടെ മികച്ച വരുമാനക്കുതിപ്പാണ് കഴിഞ്ഞപാദത്തിൽ റിലയൻസിന് നേട്ടമായത്.
30 കോടി ഉപഭോക്താക്കളെ പ്രവർത്തനം ആരംഭിച്ച് രണ്ടരവർഷത്തിനകം സ്വന്തമാക്കി ലോക റെക്കാഡിട്ട റിലയൻസ് ജിയോ, 64.70 ശതമാനം കുതിപ്പോടെ 840 കോടി രൂപയുടെ ലാഭം നേടി. 2018 ജനുവരി-മാർച്ചിൽ ലാഭം 510 കോടി രൂപയായിരുന്നു. സാമ്പത്തികവർഷത്തെ (2018-19) ജിയോയുടെ ആകെ ലാഭം 309 ശതമാനം ഉയർന്ന് 2,964 കോടി രൂപയായി. റീട്ടെയിൽ വിഭാഗത്തിന്റെ വരുമാനം 88.70 ശതമാനം കുതിച്ച് 1.30 ലക്ഷം കോടി രൂപയായി. റിലയൻസ് പെട്രോകെമിക്കൽ വിഭാഗത്തിന്റെ ലാഭം 6.1 ശതമാനം ഇടിഞ്ഞ് 87,844 കോടി രൂപയിലെത്തി.
റിലയൻസ് ഇൻഡസ്‌ട്രീസിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം 4.30 ലക്ഷം കോടി രൂപയിൽ നിന്ന് 44.6 ശതമാനം ഉയർന്ന് 6.22 ലക്ഷം കോടി രൂപയായിട്ടുണ്ട്. ലാഭമാകട്ടെ 34,988 കോടി രൂപയിൽ നിന്ന് 13.1 ശതമാനം വർദ്ധിച്ച് 39,588 കോടി രൂപയുമായി. കഴിഞ്ഞ സാമ്പത്തിവർഷം റിലയൻസിന് ഒട്ടേറെ നേട്ടങ്ങൾ രചിക്കാൻ കഴിഞ്ഞുവെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മുകേഷ് അംബാനി പറഞ്ഞു. റീട്ടെയിൽ വിഭാത്തിന്റെ വരുമാനം ഒരുലക്ഷം കോടി രൂപ കവിഞ്ഞു. ജിയോയ്ക്ക് 30 കോടി ഉപഭോക്താക്കളെയും സ്വന്തമാക്കാനായി. പെട്രോകെമിക്കൽ വിഭാഗവും മികച്ച പ്രകടനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.