ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയമായി രാഹുൽ ഗാന്ധി രംഗത്ത്. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഏറ്റവും കൂടുതൽ ഉയർന്നുകേട്ടത് പ്രിയങ്ക ഗാന്ധി മത്സരിക്കുമോ എന്ന ചോദ്യമാണ്. പ്രിയങ്കയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം നൽകിയിരുന്നു.
മോദിക്കെതിരെ വാരണസിയിൽ മത്സരിക്കാൻ പ്രിയങ്ക സന്നദ്ധത അറിയിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മോദിക്കെതിരെ പ്രിയങ്ക മത്സരിച്ചാൻ കോൺഗ്രസിന് നല്ല രീതിയിൽ ഗുണം ചെയ്യുമെന്ന് മുതിർന്ന നേതാക്കളും വ്യക്തമാക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് 'വാരാണസിയിൽ നിന്നായാലെന്താ' എന്ന് പ്രിയങ്ക തിരിച്ച് ചോദിച്ചിരുന്നു. ദി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഗന്ധി പ്രിയങ്ക മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയത്. 'വാരണാസിയിൽ പ്രിയങ്ക മത്സരിക്കുമെന്ന് ഉറപ്പിക്കുന്നുമില്ല, തള്ളിക്കളയുന്നുമില്ല. ഇക്കാര്യത്തിലുള്ള ആകാംക്ഷ നിലനിൽക്കട്ടെ. ആകാംക്ഷയെന്നത് ഒരു മോശം കാര്യമല്ലല്ലോ'. രാഹുൽ പറഞ്ഞു.
രാഹുൽ ഗാന്ധിയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി പ്രിയങ്ക രംഗത്തുണ്ട്. മോദിയുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളെ നിശിതമായി വിമർശിച്ച് പ്രചരണ യോഗങ്ങളിൽ പ്രിയങ്ക ശ്രദ്ധേയമായി. നിലവിൽ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക. നരേന്ദ്ര മോദിക്കെതിരെ പ്രിയങ്കാ ഗാന്ധി മത്സരിക്കാൻ തയാറാണെന്ന് ഭർത്താവ് റോബർട്ട് വദ്രയും പ്രതികരിച്ചിരുന്നു.