പെരിങ്ങോട്ടുകര : തൃശൂർ ചെമ്മാപ്പിള്ളിയിൽ വിഷുത്തലേന്ന് ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ടെലിവിഷൻ സീരിയൽ
രംഗത്തെ പ്രമുഖ സാങ്കേതിക സഹായി പ്രതിൻ (46) മരണമടഞ്ഞു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ചെമ്മാപ്പിള്ളി പഴയപോസ്റ്റോഫീസിന് സമീപം കണ്ണാറ വീട്ടുവളപ്പിൽ നടക്കും.
ഭാര്യ: സുഷി. മക്കൾ: പത്താം ക്ലാസ് വിദ്യാർത്ഥിനി അനഘ, ഒന്നാം ക്ലാസുകാരി അനന്യ. അമ്മ: കല്ല്യാണി. സഹോദരങ്ങൾ: വേണു, പ്രദീപ്.
ചെമ്മാപ്പിള്ളി സ്വദേശിയായ പ്രതിൻ കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് വീടിന് സമീപം കൂട്ടുകാരോടൊത്ത് സംസാരിച്ച് നിൽക്കുമ്പോൾ ഗുണ്ടാസംഘം ആക്രമിക്കുകയായിരുന്നു. ഇരുപത് വർഷമായി തിരുവനന്തപുരത്ത് താമസമാക്കിയ പ്രദിൻ അമ്മയോടൊപ്പം നാട്ടിൽ വിഷു ആഘോഷിക്കാനെത്തിയതായിരുന്നു. തിരുവനന്തപുരത്ത് സിനിമ, സീരിയൽ ഷൂട്ടിംഗിന് ആവശ്യമായ ജനറേറ്ററും മറ്റ് സാധനങ്ങളും വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനം നടത്തുകയായിരുന്നു. പ്രതിൻ അടുത്തിടെ ബി.ജെ.പിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതായാണ് വിവരം.
സംഘമായി എത്തിയ ഗുണ്ടകൾ പ്രതിനോടും കൂട്ടുകാരോടും തട്ടിക്കയറുകയും പ്രതിനെ താഴെത്തള്ളിയിട്ട് ചവിട്ടുകയുമായിരുന്നു. ആക്രമണത്തിൽ പ്രതിന്റെ ശ്വാസകോശത്തിന് പരിക്കേറ്റിരുന്നു.
പെരിങ്ങോട്ടുകര നാലും കൂടിയ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമൂഹിക വിരുദ്ധസംഘമാണ് ആക്രമണം നടത്തിയതെന്നും സംഘത്തിൽ പെരിങ്ങോട്ടുകരയിലെ സി.പി.ഐ ഓഫീസ് തകർത്ത കേസിൽ ഉൾപ്പെട്ട സി.പി.എം പ്രവർത്തകരും ഉണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ട് പേരടക്കം പത്തോളം പേർക്കെതിരെ കേസെടുത്തിരുന്നു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.