modi-

തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ മത്സരിക്കുന്നത് യോജിപ്പിന്റെ സന്ദേശമാണെന്ന് പറഞ്ഞ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാൻ ധൈര്യമുണ്ടോയെന്ന് നരേന്ദ്രമോദിയുടെ വെല്ലുവിളി. ''കേരളത്തിൽ വന്ന് മത്സരിക്കുന്നത് യോജിപ്പിന്റെ സന്ദേശമാണെന്നല്ലേ കോൺഗ്രസ് അദ്ധ്യക്ഷൻ പറയുന്നത്? തിരുവനന്തപുരത്ത് മത്സരിച്ച് സന്ദേശം കൊടുത്തുകൂടേ? പത്തനംതിട്ടയിലിറങ്ങി മത്സരിച്ചു കൂടേ?'', മോദി ചോദിച്ചു. .

'കേരളത്തിൽ പരസ്പരം ഏറ്റുമുട്ടിയും ഡൽഹിയിൽ എത്തുമ്പോൾ കൈകോർക്കുകയും ചെയ്യുന്ന അവസരവാദ രാഷ്ട്രീയമാണ് ഇരുപാർട്ടികളുടേതും. കോൺഗ്രസ് അദ്ധ്യക്ഷൻ കേരളത്തിലെ വയനാട്ടിൽ മത്സരിച്ച് ഇടതിനെതിരെ ഒരക്ഷരം മിണ്ടില്ലെന്ന് പറയുന്നു? കേരളത്തിൽ ഗുസ്തി, ദില്ലിയിൽ ദോസ്തി (ചങ്ങാത്തം). ഇതാണ് ഇവരുടെ രാഷ്ട്രീയം. അവസരവാദികളാണ് ഈ മുന്നണികളിലുള്ളവരെല്ലാം.', മോദി ആരോപിച്ചു.

'കേരളത്തിൽ ദൈവത്തിന്റെ പേര് പോലും പറയാൻ പറ്റാത്ത അവസ്ഥയാണ്. ദൈവത്തിന്റെ പേര് പറഞ്ഞാൽ ഇവിടത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ ജയിലിലിടും. ലാത്തിച്ചാർജ് നടത്തും', മോദി പറഞ്ഞു. മേയ് 23 - ന് ശേഷം വീണ്ടും മോദി സർക്കാർ രൂപീകരിക്കപ്പെടുമ്പോൾ കോടതി തൊട്ട് പാർലമെന്റ് വരെ നിങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ പോരാടുമെന്നും അതിന് ഭരണഘടനാപരമായ പിന്തുണ നൽകുമെന്നും മോദി വാഗ്‍ദാനം ചെയ്തു.