മാവേലിക്കര: മാവേലിക്കര സബ് ജയിലിൽ തടവുകാർ തമ്മിൽഏറ്റുമുട്ടി. അഞ്ചു തടവുകാർക്ക് പരുക്കേറ്റു. ജയിൽ വാർഡന്മാർ മർദ്ദിച്ചെന്ന് പരിക്കേറ്റ 2 തടവുകാർ മൊഴി നൽകിയതിനെ തുടർന്ന് 2 ജയിൽ വാർഡന്മാർക്ക് എതിരെ പൊലീസ് കേസെടുത്തു.
ഏഴാം നമ്പർ സെല്ലിലെ തടവുകാരും റിമാൻഡ് പ്രതികളായ പുളിക്കീഴ് സ്വദേശികളും സഹോദരങ്ങളുമായ സജിത്, സജൻ എന്നിവരും തമ്മിൽ കഴിഞ്ഞ ദിവസം വാക്കുതർക്കമുണ്ടായിരുന്നു. ഇന്നലെ രാവിലെ 7.30നു കുളിക്കാനായി എല്ലാ തടവുകാരെയും സെല്ലിനു പുറത്തിറക്കിയപ്പോൾ ഉണ്ടായ തർക്കമാണു സംഘട്ടനത്തിൽ കലാശിച്ചത്.
സജിത്തും സജനും ചേർന്ന് അണ്ണാച്ചി ഫൈസൽ, നൗഷാദ്, നൗഫൽ എന്നീ തടവുകാരെ ആക്രമിച്ചു. ഏറെ നാളുകളായി തടവിൽ കഴിയുന്ന അണ്ണാച്ചി ഫൈസലിനെ ആക്രമിച്ചപ്പോൾ മറ്റു തടവുകാർ സജിത്തിനും സജനുമെതിരെ സംഘടിച്ചു. തടസം പിടിക്കാനെത്തിയ ജയിൽ വാർഡന്മാരെ സജിത്തും സജനും അസഭ്യം പറഞ്ഞു .സജിത്തിനെയും സജനെയും ഉദ്യോഗസ്ഥർ ഒരു മുറിയിൽ പ്രവേശിപ്പിച്ച ശേഷമാണ് മറ്റ് തടവുകാരെ സെല്ലുകളിലേക്ക് മാറ്റിയത്.
പിന്നീട് സജനും സജിത്തും മുറിയിലെ ഗ്ലാസ് പൊട്ടിച്ചു നെഞ്ചിലും നെറ്റിയിലും മുറിവേല്പിക്കുകയായിരുന്നെന്നാണ് ജയിൽ ജീവനക്കാർ പറയുന്നത്. ഇരുവരെയും മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ജയിൽ വാർഡന്മാർ തങ്ങളെ ആക്രമിച്ചതായി സജിത്തും സജനും പരിശോധിച്ച ഡോക്ടറോടു പറഞ്ഞു. ഇക്കാര്യം ഡോക്ടർ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് ജയിൽ വാർഡന്മാരായ പ്രദീപ്കുമാർ, വിനോജ് എന്നിവർക്കെതിരെ കേസെടുത്തത്. സജിത്തും സജനും ആക്രമിച്ചതായി അണ്ണാച്ചി ഫൈസൽ, നൗഷാദ്, നൗഫൽ എന്നിവർ മൊഴി നൽകി.