ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ആംആദ്മി പാർട്ടിയുമായി സഖ്യമില്ലെന്നും കോൺഗ്രസുമായുള്ള സഖ്യചർച്ചകളിൽ നിന്ന് ആംആദ്മി പിന്മാറിയതായും ഡൽഹിയുടെ ചുമതലയുള്ള പ്രവർത്തകസമിതിയംഗം പി.സി.ചാക്കോ പറഞ്ഞു.ഇതോടെ സംസ്ഥാനത്ത് ത്രികോണ മൽസരത്തിനു വഴിയൊരുങ്ങി.ആംആദ്മിയുടെ നിലപാട് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ അറിയിച്ചതോടെ ഇനി ചർച്ച വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു.ഡൽഹിയിലെ ഏഴു സീറ്റുകളിലും കോൺഗ്രസ് മത്സരിക്കുമെന്നും വെള്ളിയാഴ്ചയോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും പി.സി.ചാക്കോ പറഞ്ഞു.
കോൺഗ്രസിനു മൂന്നും ആംആദ്മിക്ക് നാലും സീറ്റെന്ന നിലയിൽ സഖ്യത്തിൽ ഏകദേശ ധാരണയായിരുന്നു. എന്നാൽ ഇന്നലെ രാവിലെ കാരണം വ്യക്തമാക്കാതെ ആംആദ്മി ചർച്ചകളിൽ നിന്നു പിൻവാങ്ങുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.