muhammad-muhsin

ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥൻ മുഹമ്മദ്‌ മുഹ്‌സിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്‌പെൻഡ് ചെയ്‌തത് വലിയ വാർത്തയായിരുന്നു. ഒഡീഷയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷകനായി നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥനാണ് മുഹ്സിൻ. ഉദ്യോഗസ്ഥന്റെ നടപടി മൂലം പ്രധാനമന്ത്രിക്കു മിനുറ്റുകളോളം കാത്തിരിക്കേണ്ടി വന്നു എന്ന് വിലയിരുത്തിയതിന് ശേഷമായിരുന്നു കമ്മിഷൻ സസ്‌പെൻഡ് ചെയ്‌തത്.

കർണാടകയിലെ ചിത്രദുർഗയിൽ മോദിയുടെ വിമാനത്തിൽ നിന്ന് സുരക്ഷാപരിശോധനയിൽ ഉൾപ്പെടുത്താതെ ഒരു പെട്ടി രഹസ്യമായി സ്വകാര്യ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നതിന്റെ വിഡിയോ വിവാദമായതിന് പിന്നാലെയാണ് മോദിയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര സർക്കാരിനെയും പരസ്യമായി മിഹ്സിൻ വിമർശിക്കാറുണ്ടായിരുന്നു. 1996 ബാച്ചിലെ കർണാടക കേഡർ ഐ.എ.എസ്‌ ഉദ്യോഗസ്ഥനാണ് മുഹ്‌സിൻ.

കർണാടകയിലെ കുന്ദാപുര ജില്ലയിൽ സബ്‌ഡിവിഷണൽ മജിസ്‌ട്രേറ്റായാണ്‌ അദ്ദേഹത്തിന്റെ ഐ.എ.എസ്‌ ജീവിതം ആരംഭിച്ചത്‌. സോഷ്യൽ മീ‌ഡിയയിലൂടെ കേന്ദ്രസർക്കാരിന്റെ സ്ഥിരം വിമർശകനാണ് അദ്ദേഹം. റഫാൽ ഇടപാട്‌,​ തൊഴിലില്ലായ്‌മ, പുൽവാമ ആക്രമണം, ഗൗരി ലങ്കേഷിന്റെയും എം.എം കലബുൽഗിയുടെയും കൊലപാതകവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.

പട്‌ന സ്വദേശിയായ മുഹ്‌സിൻ മഗധ്‌ സർവ്വകലാശാലയിൽ നിന്ന്‌ ധനതത്വശാസ്‌ത്രത്തിൽ ബിരുദവും പട്‌ന സർവ്വകലാശാലയിൽ നിന്ന്‌ സാമ്പത്തികശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയിരുന്നു. അതിന് ശേഷമാണ്‌ സിവിൽ സർവ്വീസിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജോലിയിൽ പ്രവേശിക്കുന്നത്. 2016 മുതൽ കർണാടകയിലെ പിന്നാക്ക ക്ഷേമ വകുപ്പിലാണ് മുഹ്സിൻ ജോലി ചെയ്തിരുന്നത്.