mamta-banerjee-

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം എൻ.ഡി.എയ്ക്കോ യു.പി.എയ്ക്കോ ഭൂരിപക്ഷം ലഭിക്കില്ലെന്നും മൂന്നാംമുന്നണി അധികാരത്തിലെത്തുമെന്നും തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. പശ്ചിമ ബംഗാളിലെ 42 സീറ്റും തൃണമൂൽ നേടുമെന്നും മമത ബാനർജി പറഞ്ഞു. ഒരുദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്. . കേന്ദ്രത്തിലെ ഭരണം കാട്ടി ഭീഷണിപ്പെടുത്തി കോൺഗ്രസ്, സി.പി.എം പ്രവർത്തകരെ പാർട്ടിയിൽ ചേർത്തതിനാലാണ് ബി.ജെ.പിക്ക് വോട്ടുശതമാനം കൂടിയതെന്നും മമത പറഞ്ഞു.

അടുത്ത സർക്കാർ രൂപീകരണത്തിൽ ബംഗാളും ഉത്തർപ്രദേശും കിംഗ് മേക്കർ സംസ്ഥാനങ്ങളായി മാറും. ബംഗാളിലെ 42 സീറ്റും തൃണമൂൽ നേടും. ഉത്തർപ്രദേശിലെ 80 സീറ്റുകളിലും മൂന്നാം മുന്നണി സർക്കാർ രൂപീകരിക്കുവിധത്തിലുള്ള ഫലമായിക്കും വരുക. ഈ രണ്ട് സംസ്ഥാനങ്ങളും ചേർന്നാകും സർക്കാർ രൂപീകരിക്കുക. കൂടാതെ പഞ്ചാബ്, ഡൽഹി, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേൽക്കുമെന്ന് മമത പറഞ്ഞു. ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്നാട് എന്നിവിടങ്ങളിലും ബി.ജെ.പി ഒരൊറ്റ സീറ്റ് പോലും ജയിക്കില്ലെന്നും മമത പറഞ്ഞു. രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ബി.ജെ.പിയുടെ സീറ്റ് വിഹിതം 40 ആയി കുറയുമെന്നും അവർ പറഞ്ഞു.


കോൺഗ്രസിന് തനിച്ച് സർക്കാർ രൂപീകരിക്കാൻ സാധിക്കില്ലെന്നും മമത ബാനർജി പറഞ്ഞു. എല്ലാ പ്രാദേശിക പാർട്ടികളും വളരെ ശക്തരാണ്. എൻ.ഡി.എയോ യു.പി.എയോ സർക്കാർ രൂപീകരിക്കാൻ പോകുന്നില്ല. മറ്റൊരു സഖ്യമാകും പുതിയതായി രൂപംകൊള്ളുക- മമത ബാനർജി പറഞ്ഞു. കൂട്ടായ ഒരു നേതൃത്വമാകും ഭരണത്തിൽ വരുകയെന്നും അവർ സൂചിപ്പിച്ചു. ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, ബീഹാർ, ആസം എന്നിവിടങ്ങളിലായി പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും നേതൃത്വത്തെ തിരഞ്ഞെടുക്കുകയെന്ന് മമത ബാനർജി പറഞ്ഞു.

ബിിജെ.പിയും കോൺഗ്രസും കഴിഞ്ഞാൽ ഏറ്റവും വലിയ മൂന്നാമത്തെ പാർട്ടിയായി ഇത്തവണ തൃണമൂൽ കോൺഗ്രസ് മാറുമെന്നും മമത ബാനർജി അവകാശപ്പെട്ടു.