k-surendran

പത്തനംതിട്ട: ശബരിമല അയ്യപ്പന്റെ പേര് ദുരുപയോഗം ചെയ്ത് എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ നേരിട്ട് വോട്ട് അഭ്യർത്ഥിക്കുന്നതിനെതിരെ എൽ.ഡി.എഫ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷണർക്കും റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകി.

അയ്യപ്പന്റെ മണ്ണിൽ മറ്റാർക്കും പ്രവേശനമില്ലെന്നും ഇവിടെ താമരയ്ക്കു മാത്രമായിരിക്കും വോട്ടെന്ന് ഉറപ്പാക്കണമെന്നുമുള്ള തരത്തിൽ സുരേന്ദ്രൻ പ്രസംഗിക്കുന്നത് നഗ്നമായ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് എൽ.ഡി.എഫ് നേതാക്കളായ കെ. അനന്തഗോപൻ, എ.പി. ജയൻ, ഓമല്ലൂർ ശങ്കരൻ, അലക്സ് കണ്ണമല എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. നേരത്തെയും സുരേന്ദ്രനെതിരെ ഇത്തരം പരാതികൾ എൽ.ഡി.എഫ് ഉന്നയിച്ചിരുന്നു. നടപടിയെടുക്കാൻ ജില്ലാ വരണാധികാരിയോ തിരഞ്ഞെടുപ്പ് കമ്മിഷനോ തയാറായില്ല. ജാതീയമായും മതപരവുമായി വോട്ടർമാരെ വേർതിരിച്ചാണ് സുരേന്ദ്രന്റെ പ്രചാരണം.

20 ശതമാനം വോട്ടു പോലും എൽ.ഡി.എഫിന് ലഭിക്കില്ലെന്ന തരത്തിലുള്ള പ്രചാരണം അസംബന്ധമാണ്. ന്യൂനപക്ഷ സമുദായങ്ങൾ എൽ.ഡി.എഫിനെ അവരുടെ സംരക്ഷകരായി കണ്ടവരാണ്. പുറമേനിന്നുള്ളവരെ ഇറക്കി ആൾക്കൂട്ടം കാട്ടുകയും ഫ്‌ളെക്സ് ബോർഡുകൾ നിരത്തുകയും ചെയ്താൽ വോട്ടാകില്ല. എൻ.ഡി.എയുടെ പ്രചാരണത്തിനുള്ള ഭൂരിപക്ഷവും മണ്ഡലത്തിന് പുറമേ നിന്നുള്ളവരാണ്. 21ന് പ്രചാരണം അവസാനിക്കുന്നതോടെ അവരെല്ലാം സ്വന്തം നാട്ടിലേക്കു പോകേണ്ടിവരുമെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു.