കൊച്ചി: ആലുവയിൽ അമ്മയുടെ ക്രൂര മർദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരൻ മരണത്തിന് കീഴടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവൻ നിലനിറുത്തിയിരുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. രക്തം കട്ടപിടിച്ച് തലച്ചോറിന്റെ പ്രവർത്തനം നിലച്ചതാണ് മരണ കാരണം. കുഞ്ഞിന്റെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുത്തിരുന്നു.
തലയ്ക്ക് പരിക്കേറ്റ നിലയിൽ ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്ന് വയസുള്ള മകനെ ബുധനാഴ്ചയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ ശരീരത്തിൽ മർദ്ദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളും പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തറിഞ്ഞത്.
അനുസരണക്കേട് കാട്ടിയതിനാണ് കുഞ്ഞിനെ ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നെന്ന് പൊലീസിനോട് കുറ്റസമ്മതം നടത്തിയ കുഞ്ഞിന്റെ അമ്മയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ഇവർക്കെതിരെ വധശ്രമം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, കുട്ടിയുടെ അച്ഛൻ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. ബംഗാൾ സ്വദേശിയായ ഇയാളുടെ പശ്ചാത്തലം പരിശോധിക്കാനായി ഏലൂർ പൊലീസ് ബംഗാൾ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുഞ്ഞിന് മർദ്ദനമേറ്റസമയത്ത് താൻ ഉറക്കമായിരുന്നെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.