social-media

കൊച്ചി: മംഗലാപുരത്ത് നിന്ന് ചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുവന്ന നവജാത ശിശുവിനെ വർഗീയമായി അധിക്ഷേപിച്ച് ഫേസ്‌ബുക്ക് പോസ്റ്റി‌‌‌‌‌‌ട്ട യുവാവിനെ പൊലീസ് അറസ്റ്റ്‌ ചെയ്തു. കൊച്ചി സെൻ‌ട്രൽ പൊലീസാണ് ബിനിൽ സോമസുന്ദരത്തെ അറസ്റ്റ് ചെയ്തത്.

ഹൃദയവാൽവിലുണ്ടായ ​ഗുരുതര തകരാറിലായ കുഞ്ഞിനെ ചികിത്സക്കായി മം​ഗാലപുരത്തെ ആശുപത്രിയിൽ നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിന് വഴിയൊരുക്കാനായി സമൂഹമാദ്ധ്യമങ്ങളിൽ എല്ലാവരും കൈകോർത്തപ്പോൾ ഇയാൾ വർഗീയമായി അധിക്ഷേപിച്ച് ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റിടുകയായിരുന്നു.

social-media

സംഭവത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ വൻവിമർശനം ഉയർന്നതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. 153-എ വകുപ്പ് പ്രകാരം മതസ്പർധ വളർത്താൻ ശ്രമിച്ചതിനാണ് എറണാകുളം കടവൂർ സ്വദേശിയായ ബിനിൽ സോമസുന്ദരത്തിനെതിരെ കേസെടുത്തത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഇയാളുടെ വർഗീയവിഷം ചീറ്റുന്ന പോസ്റ്റി‌നെതിരെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ബിനിലിനെതിരെ കർശന നടപടിയുണ്ടാവുമെന്ന് പൊലീസ് ഉറപ്പ് തന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആംബുലൻസിൽ കൊച്ചിയിലെത്തിച്ച 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അധിക്ഷേപിച്ച് ബിനിൽ സോമസുന്ദരം ഫേസ്ബുക്കിലും ട്വിറ്ററിലും കുറിപ്പിട്ടിരുന്നു. പോസ്റ്റുകൾ വ്യാപക പ്രതിഷേധത്തിന് വഴി വച്ചതോടെ പോസ്റ്റ്‌ പിൻവലിച്ച ശേഷം തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന് പറഞ്ഞ് ഇയാൾ തടിയൂരാൻ ശ്രമിച്ചിരുന്നു. എന്നാൽ ട്വിറ്ററിൽ നിന്ന് ഇയാൾ പോസ്റ്റ്‌ നീക്കം ചെയ്യാൻ വൈകിയതോടെ ഹാക്കിംഗ് തന്ത്രം വിലപ്പോയില്ല. ഒരേ സമയം ട്വിറ്റ‌റും ഫേസ്ബുക്കും ഹാക്ക് ചെയ്തോ എന്ന ചോദ്യവും ചിലർ ഉയർത്തിയിരുന്നു.

താൻ ഹിന്ദു രാഷ്ട്ര സേവകനാണ് എന്നാണ് ഇയാൾ ഫേസ്ബുക്കിൽ സ്വയം പരിചയപ്പെടുത്തുന്നത്. ശബരിമലയിലെ ആചാര സംരക്ഷണം എന്ന പേരിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിനിൽ സന്നിധാനത്തും പരിസത്തും ഉണ്ടെന്നാണ് ഫേസ്ബുക്കിലെ ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്.