കാസർകോട് കല്യോട്ട് കൊലപാതക രാഷട്രീയത്തിൽ എതിരാളികളുടെ വെട്ടേറ്റ് മരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കല്യോട്ട് കൃപേഷിന് കോൺഗ്രസ് യുവ നേതാവും എം.എൽ.എയുമായ ഹൈബി ഈഡൻ മുൻകൈ എടുത്ത് നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് ഇന്ന് നടക്കുകയാണ്. അക്രമികളുടെ ക്രൂരതയിൽ ഉറ്റചങ്ങാതിമാരും കോൺഗ്രസ് പ്രവർത്തകരുമായ കൃപേഷും ശരത്ത് ലാലിനും ജീവൻ നഷ്ടമായിരുന്നു. മക്കൾ നഷ്ടമായ രക്ഷിതാക്കളെ ആശ്വസിപ്പിക്കാനായി ഇരു വീടുകളിലും എത്തിയവർ കൃപേഷിന്റെ ഓലമേഞ്ഞ ഒറ്റമുറി വീടിലെ സങ്കടങ്ങൾ നെഞ്ചിൽ തറച്ചാണ് മടങ്ങിയത്. ഇതേ തുടർന്നാണ് കൃപേഷിന്റെ ഓർമ്മയ്ക്കായി പുതിയ വീട് പണിത് നൽകാൻ ഹൈബി ഈഡൻ മുന്നിട്ടിറങ്ങിയത്. ചുരുങ്ങിയ നാൾ കൊണ്ട് അടച്ചുറപ്പുള്ള ഒരു വീട് നിർമ്മിച്ച് നൽകാനായതിൽ ഹൃദയത്തിൽ തൊട്ട് ഷാഫി പറമ്പിൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കിച്ചു നീ ഇത് കാണുന്നുണ്ടോ ?
അമ്മയും അച്ഛനുമൊക്കെ പുതിയ വീട്ടിലേക്ക് മാറിയത് .
നീ ഉണ്ടാക്കിയ വീടാണിത് .. നീ ഞങ്ങളെയൊന്നും അറിയിക്കാത്ത കഷ്ടപാടുകൾക്കിടയിലും പിടിച്ച പതാകയുടെ തണലാണിത് .
നിന്നെ ഇളം പ്രായത്തിൽ കൊന്നവർക്കറിയില്ല നീ അനശ്വരനാണെന്ന് ..നിന്റെ വീടിന്റെയും നാടിന്റെയും പ്രസ്ഥാനത്തിന്റെയും സ്വപ്നങ്ങൾ അന്യം നിന്ന്‌പോവില്ലെന്ന് .
നീ ഇത് കാണണേ കിച്ചു ..
നീ അമ്മയെ ആശ്വസിപ്പിക്കണേ .. പെറ്റ വയറിന് ,വേറെയാരും..ഒരു സൗകര്യങ്ങളും ,നിനക്ക് പകരമാവില്ലെങ്കിലും ഹൈബിയെപോലെ കുറെ മക്കൾ അമ്മയ്ക്കുണ്ടാവുമെന്ന് പറയണം .
കമിഴ്ന്ന് കിടന്നാലും ആകാശം കാണണ ആ പഴയ വീട്ടിൽ നീയുണ്ടെങ്കിൽ അത് തന്നെയാവും അമ്മക്ക് സ്വർഗ്ഗം .. അത് മാത്രം കഴിയുന്നില്ല കിച്ചു . നിന്നെ കൊല്ലുന്നവർക്കും അതറിയാമായിരുന്നു .. എന്നിട്ടുമവർ ..
പ്രിയ ഹൈബി .. ഹൃദയത്തിൽ ഹൈബി ഈഡൻ എന്നത് തെരഞ്ഞെടുപ്പ് വാചകമല്ല .. സ്‌നേഹം കൊണ്ട് ഉള്ളിൽകോറിയിട്ടൊരു വലിയ സത്യമാണത് . അഭിമാനമാണ് ഹൈബി ഈഡൻ .
കിച്ചു നീ ഇത് കാണണേ .. എപ്പഴുമെന്നപോലെ ശരത്തിന്റെതോളിൽ കയ്യിട്ട് ..