തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്നതിന് തൊട്ടുമുൻപ് സെൻട്രൽ സ്റ്റേഡിയത്തിൽ പൊലീസുകാരന്റെ തോക്കിൽ നിന്ന് വെട്ടിപൊട്ടിയത് അബദ്ധത്തിലല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ സഞ്ജയ്കുമാർ ഗുരുദിൻ അറിയിച്ചു. സായുധ പൊലീസിനെ വിന്യസിക്കുന്നതിന് മുമ്പ് ആയുധങ്ങൾ സുരക്ഷിതമാണോയെന്ന് പരിശോധിക്കാറുണ്ട്. അത്തരം പരിശോധന നടത്തുന്നതിനിടെ ഒരു തോക്കിന്റെ പ്രവർത്തനത്തിൽ തടസം അനുഭവപ്പെട്ടത് പരിഹരിക്കുന്നതിനാണ് വെടിയുതിർത്തത്. സുരക്ഷിത സ്ഥാനത്ത് തറയിലേക്കാണ് വെടിവച്ചതെന്നും കമ്മീഷണർ വ്യക്തമാക്കി.
ബി.ജെ.പി സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിജയ് സങ്കല്പ് റാലിക്കെത്തുന്നതിന് തൊട്ടുമുൻപ് വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ തോക്കിൽ നിന്ന് വെടിപൊട്ടിയത് ആശങ്കയ്‌ക്ക് ഇടയാക്കിയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചേകാലോടെയാണ് കൊല്ലം എ.ആർ ക്യാമ്പിലെ പൊലീസുകാരൻ സുമിത്തിന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടിയത്. സ്റ്റേഡിയത്തിനും സെക്രട്ടേറിയറ്റിനും മദ്ധ്യേയുള്ള ബാസ്കറ്റ് ബാൾ കോർട്ടിനടുത്ത് തോക്കുകൾ പരിശോധിച്ച് തിര നിറയ്ക്കുന്നതിനിടെയാണ് വെടി പൊട്ടിയത്. ഭാഗ്യത്തിന് ആർക്കും പരിക്കേറ്റില്ല. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ്.പി.ജി) ഉദ്യോഗസ്ഥരും ഉന്നത പൊലീസുദ്യോഗസ്ഥരും ഈ സമയം സ്റ്റേഡിയത്തിലുണ്ടായിരുന്നു. വെടിയുതിർത്ത പൊലീസുകാരനെ ഉടൻ സ്ഥലത്തു നിന്ന് മാറ്രി. എസ്.പി.ജിയും ഉന്നതോദ്യോഗസ്ഥരും വിശദമായി ചോദ്യം ചെയ്തു. അബദ്ധം പറ്റിയതാണെന്ന് പൊലീസുകാരൻ ഇവരോട് പറഞ്ഞു. അബദ്ധത്തിലാണ് വെടി പൊട്ടിയതെന്ന് പരിശോധനാ ചുമതലയുള്ള ഉദ്യോഗസ്ഥനും വ്യക്തമാക്കിയതോടെയാണ് സ്ഥിതിഗതികൾ ശാന്തമായത്. എന്നാൽ അബദ്ധം പറ്റിയതല്ലെന്നാണ് കമ്മിഷണറുടെ വിശദീകരണം.