കൊച്ചി: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച മൂന്ന് വയസുകാരൻ മരണത്തിന് കീഴടങ്ങി. തലയ്ക്കേറ്റ പരിക്കാണ് കുട്ടിയുടെ മരണ കാരണം. ശസ്ത്രക്രിയ നടത്തിയിട്ടും തലച്ചോറിൽ രക്തം കട്ടിപിടിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുഞ്ഞിന്റെ ജീവൻ നിലനിറുത്തിയിരുന്നത്. ഡോക്ടർമാരുടെ ശ്രദ്ധാപൂർവ്വമായുള്ള ഇടപെടലാണ് സംഭവത്തിന് പിന്നിലെ ക്രൂരതകൾ പുറത്ത് കൊണ്ടു വന്നത്. നേരത്തേ തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിന് ഇരയായ ഏഴുവയസുകാരന്റെ മരണത്തിന് പിന്നിലും സമാനമായ രീതിയിലായിരുന്നു ക്രൂരതകൾ പുറത്ത് വന്നത്.
റോഡപകടങ്ങളിൽ ഉണ്ടാകുന്ന വിധത്തിലുള്ള പരിക്കുമായാണ് മൂന്നു വയസ്സുകാരനെ പിതാവ് ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിന് എന്ത് സംഭവിച്ചതാണെന്ന് അന്വേഷിച്ച ഡോക്ടർമാരോട് പിതാവ് പറഞ്ഞ ന്യായീകരണത്തിൽ സംശയം തോന്നിയ ഡോക്ടർമാരാണ് പൊലീസിനെ വിവരമറിയിച്ചത്. എട്ടടി ഉയരത്തിലുള്ള കോണിപ്പടിയിൽ നിന്ന് കുട്ടി തറയിലേയ്ക്ക് വീണെന്നായിരുന്നു പിതാവ് പറഞ്ഞത്. എന്നാൽ കുട്ടിയുടെ ശരീരം പരിശോധിച്ച ഡോക്ടർമാർക്ക് തോന്നിയ സംശയങ്ങളാണ് ക്രൂര മർദനത്തിന്റെ വിവരം പുറത്തെത്തിച്ചത്.
ആദ്യ കാഴ്ചയിൽ തന്നെ കുട്ടിക്ക് സ്ഥിരമായി മർദനമേൽക്കാറുണ്ടെന്ന് ഡോക്ടർമാർ മനസിലാക്കിയിരുന്നു. ദേഹമാസകലം വിവിധ തരത്തിലുള്ള പൊള്ളലേറ്റ പാടുകളാണ് ഉണ്ടായിരുന്നത്. കുട്ടിയുടെ ഇരു കാൽപാദത്തിലും അടികൊണ്ട പാടുകളും, വലത്തെ കാൽമുട്ടിനു സമീപം വളരെ അടുത്ത ദിവസങ്ങളിൽ പൊള്ളലേറ്റ പാടുകൾ ഡോക്ടർമാർ കണ്ടെത്തിയിരുന്നു. കുട്ടിയുടെ അരഭാഗത്തായി പൊള്ളലേറ്റ രണ്ട് പാടുകളും പരിശോധനയിൽ കണ്ടെത്തി. ഈ പാടുകൾ വളരെ നാൾ പഴക്കമേറിയവയാണ്. ഇതിൽ നിന്നുമാണ് ഡോക്ടർമാർ കുഞ്ഞ് നിരന്തരമായി ആക്രമണത്തിന് ഇരയാകാറുണ്ടെന്ന കാര്യം വ്യക്തമായത്.
കുട്ടിയുടെ തലച്ചോറിന്റെ വലതു ഭാഗത്തായി രക്തസ്രാവം വരുന്നതായി സി.ടി. സ്കാനിൽനിന്ന് ഡോക്ടർമാർക്ക് വ്യക്തമായി. ആ ഭാഗത്താണ് കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത്. ശക്തിയായ വീഴ്ചയിലോ, അടിയേറ്റാലോ ആണ് ഇത്തരത്തിൽ രക്തസ്രാവം ഉണ്ടാകുന്നത്. ഇത്രയും പരിക്കുകൾ കണ്ടതോടെ സംശയം തോന്നിയ ഡോക്ടർമാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്തതോടെയാണ് പീഡനത്തിന്റെ വിവരം പുറത്തുവന്നത്.