sidhu

കേരളാ ഐ ലൗ യൂ... നിറഞ്ഞ കൈയ്യടികളിൽ കോൺഗ്രസ് നേതാവും ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു
സംസാരിച്ചു തുടങ്ങിയപ്പോൾ പരിഭാഷകന്റെ റോളിൽ യുവ നേതാവ് ഷാഫി പറമ്പിൽ ആരംഭിച്ചത് വാക്കുകൾ കൊണ്ട് ഒരു ഫോറടിച്ചായിരുന്നു. പരിഭാഷകന്റെ ആവേശം മനസിലാക്കിയ സിദ്ദു പിന്നെ ഒട്ടും താമസിച്ചില്ല വാക്കുകൾ കൊണ്ട് സികസറുകൾ പായിച്ച് അടിച്ചു കസറി. നിലമ്പൂർചുങ്കത്തറയിൽ വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വോട്ട് തേടി എത്തിയതാണ് നവജ്യോത് സിംഗ് സിദ്ദു.

ദേശീയ നേതാക്കളുടെ പ്രസംഗം പരിഭാഷപ്പെടുത്തി അടുത്ത ദിവസങ്ങളിലായി നേതാക്കൾ പഴികേട്ടിടത്താണ് പ്രാംസംഗികനെ വെല്ലുന്ന തരത്തിൽ പരിഭാഷപ്പെടുത്തി ഷാഫി കൈയ്യടിനേടിയത്. ബിജെപിക്കും നരേന്ദ്രമോദിക്കുമെതിരെ ആരോപണങ്ങളും പരിഹാസങ്ങളും പായിച്ചാണ് സിദ്ദു പ്രസംഗം അവസാനിപ്പിച്ചത്. പലപ്പോഴും ഷാഫിയുടെ പരിഭാഷയുടെ ആവേശം കണ്ട് നവജ്യോത് സിംഗ് സിദ്ദു മതിമറന്ന് കൈയ്യടിച്ചു.

രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്താൽ നിങ്ങൾക്ക് കേവലം ഒരു എം.പിയെയല്ല ഒരു പ്രധാനമന്ത്രിയെയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം എതിർ പാർട്ടിക്കും മോദിക്കും കണക്കിന് കൊടുക്കുവാനും സിദ്ദു മറന്നില്ല. കോടികൾ വെട്ടിച്ച് വിജയ് മല്യയും നീരവ് മോദിയും രാജ്യം വിട്ടപ്പോൾ എതു കാവൽക്കാരനായിരുന്നു ചുമതലയിലുണ്ടായിരുന്നതെന്നും ലോകത്തിലെ ഏറ്റവും വലിയ നുണയനാണ് നരേന്ദ്രമോദിയെന്നും അദ്ദേഹം ആരോപിച്ചു. സിദ്ദുവിന്റെ പ്രസംഗവും ഷാഫിയുടെ പരിഭാഷയും ചേർന്ന ഇന്നിംഗ്സ് സോഷ്യൽ മീഡിയയിലെ നിറഞ്ഞ ഗാലറികളിൽ ആവേശം നിറച്ച് ഓടുകയാണിപ്പോഴും. വീഡിയോ കാണാം..