priyanka

ന്യൂഡൽഹി: തന്നെ അപമാനിച്ച ഉത്തർപ്രദേശിലെ ചില നേതാക്കളെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വക്താവ് പ്രിയങ്കാ ചതുർവേദി രാജിവച്ചു. പീഡിപ്പിക്കാൻ ശ്രമിച്ചവരെ അടക്കം തിരികെ എടുത്ത പാർട്ടി നടപടി അംഗീകരിക്കാൻ ആവില്ലെന്ന് വ്യക്തമാക്കിയാണ് പ്രിയങ്ക രാജിവച്ചത്. പാർട്ടിക്ക് വേണ്ടി ചോരയും നീരും നൽകിയവരേക്കാൾ മുൻഗണന ഗുണ്ടകൾക്കാണെന്ന് അറിയുന്നത് വേദനാജനകമാണെന്ന് ട്വീറ്റ് ചെയ്‌തുകൊണ്ടാണ് പ്രിയങ്ക തന്റെ തീരുമാനം അറിയിച്ചത്.

കഴിഞ്ഞ സെപ്‌തംബറിൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ പ്രിയങ്കയെ അപമാനിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. റാഫേൽ അഴിമതിയെക്കുറിച്ച് നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് ആരോപണ വിധേയമായ സംഭവമുണ്ടായത്. ഇതിന് പിന്നാലെ കോൺഗ്രസ് ഇവരെ പുറത്താക്കിയെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രാദേശിക സമവാക്യങ്ങൾ ചൂണ്ടിക്കാട്ടി തിരികെ എടുക്കുകയായിരുന്നു. ഇതിൽ ഒരാളെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയെന്നും ആരോപണമുണ്ട്. ഇവരെ തിരികെ എടുത്തുവെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി ജ്യോതിരാധിത്യ സിന്ധ്യയുടെ കത്ത് ട്വീറ്റ് ചെയ്‌തുകൊണ്ടാണ് പ്രിയങ്ക തന്റെ തീരുമാനം പ്രഖ്യാപിച്ചതെന്നും ശ്രദ്ധേയമാണ്.

Deeply saddened that lumpen goons get prefence in @incindia over those who have given their sweat&blood. Having faced brickbats&abuse across board for the party but yet those who threatened me within the party getting away with not even a rap on their knuckles is unfortunate. https://t.co/CrVo1NAvz2

— Priyanka Chaturvedi (@priyankac19) April 17, 2019


അടുത്തിടെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദമുണ്ടായപ്പോൾ രൂക്ഷവിമർശനം നടത്തിയ പ്രിയങ്കാ ചതുർവേദി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സ്‌മൃതി ഇറാനിയെ കളിയാക്കി കൊണ്ട് പ്രിയങ്ക ആലപിച്ച പാരഡി ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു. കിഴക്കൻ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന പ്രിയങ്കാ ചതുർവേദി പാർട്ടി വിടുന്നത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ.