തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടൻ ബിജു മേനോനെതിരേ സോഷ്യൽ മീഡിയിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. ശക്തമായ സൈബർ ആക്രമണമാണ് താരത്തിന്റെ ഫേസ്ബുക്ക് പേജിന് നേരെ നടക്കുന്നത്.
ഇത്തരത്തിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ ബിജു മേനോന്റെ ചിത്രങ്ങൾ കാണുന്നത് തങ്ങൾ വേണ്ടെന്ന് വയ്ക്കുമെന്നാണ് ഭൂരിഭാഗം പേരുടെയും പ്രതികരണം. ബിജു മേനോന് മലയാളികളുടെ മതേതര മനസ്സുകളിൽ ഒരു സ്ഥാനമുണ്ട്, ഇത്തരക്കാരുടെ വക്കാലത്തുപിടിച്ച് അത് കളയരുതെന്നും ചിലർ ഫേസ്ബുക്ക് പേജിൽ കമന്റ് ചെയ്തിട്ടുണ്ട്. ഇത്രയേറെ സൈബർ ആക്രമണം നടക്കുന്നതിനിടയിലും താരത്തിന് പിന്തുണയുമായി ചിലർ രംഗത്തെത്തി. ഒരു സഹപ്രവർത്തകന് വേണ്ടി വോട്ടഭ്യർത്ഥന നടത്തിയതിൽ എന്ത് തെറ്റാണ് ഉള്ളതെന്ന് ഇവർ ചോദിക്കുന്നു.
ലുലു കൺവെൻഷൻ സെന്ററിൽ സൗഹൃദ വേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബിജു മേനോൻ. താൻ കണ്ടതിൽ വച്ചേറ്റവും മനുഷ്യ സ്‌നേഹിയായ ഒരാളാണ് സുരേഷ് ഗോപിയെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി തൃശൂർക്കാരനാകുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമാണെന്ന് നിർമാതാവ് ജി. സുരേഷ്‌കുമാർ പറഞ്ഞിരുന്നു.
സിനിമാ താരങ്ങൾ പരസ്യമായി തനിക്ക് പിന്തുണ നൽകാത്തത് അവർക്ക് ഭയമുള്ളതിനാലായിരിക്കാമെന്ന് സുരേഷ് ഗോപി മുൻപ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ലുലു കൺവെൻഷൻ സെന്ററിൽ വച്ച് തന്റെ അഭിപ്രായം വെട്ടിതുറന്ന് പറയുകയിയിരുന്നു ബിജു മേനോൻ. ഇതിന് പിന്നാലെയാണ് താരത്തിനെതിരേ രൂക്ഷമായ സൈബര്‍ ആക്രമണം തുടങ്ങിയത്.