തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിയമനിർമാണം നടത്തിയേക്കുമെന്ന് സൂചന നൽകിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന് എണ്ണമിട്ട് മറുപടി പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കോടതി മുതൽ പാർലമെന്റ് വരെയുള്ള മാർഗങ്ങൾ ഉണ്ടായിട്ടും ഒന്നും ചെയ്യാതിരുന്ന മോദി സർക്കാർ ഇനി അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിൽ നിയമ നിർമാണം നടത്തുമെന്ന് പറയുന്നത് അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതലക്കണ്ണീർ പൊഴിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകാൻ പോലും ആർ.എസ്.എസും - ബി.ജെ.പിയും തയ്യാറായില്ല. ശബരിമല കർമ സമിതി എന്ന പേരിൽ ആവേശം കൊള്ളുന്നവർ പോലും കോടതിയെ സമീപിച്ചില്ല. എന്നാൽ കോൺഗ്രസ് നേതാവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ പ്രയാർ ഗോപാലകൃഷ്‌ണൻ കോടതിയെ സമീപിച്ചു. ഈ ഹർജിയിൽ വാദം നടത്തിയത് കോൺഗ്രസ് നേതാവായ മനു അഭിഷേക് സിംഗ്‌വിയാണ്. ഇതിന് പുറമെ ശബരിമല വിഷയത്തിൽ കോൺഗ്രസ് എം.എൽ.എമാർ ദിവസങ്ങളോളം നിയമസഭയിൽ സത്യാഗ്രഹം നടത്തി. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്നത് യു.ഡി.എഫ് മാത്രമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പത്തനംതിട്ടയിലോ തിരുവനന്തപുരത്തോ മത്സരിക്കാതെ വയനാട്ടിൽ ജനവിധി തേടുന്നത് എന്തിനാണെന്ന മോദിയുടെ ആരോപണം തികഞ്ഞ വർഗീയതയാണ്. ഭൂരിപക്ഷ സമുദായത്തെ ഭയന്ന് ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന വയനാട്ടിൽ രാഹുലെത്തിയെന്ന വടക്കേഇന്ത്യയിൽ മോദി നടത്തിയ പരാമർശത്തിന് തുല്യമാണ് ഇപ്പോഴത്തേതും. സ്വാതന്ത്യ സമരത്തിന്റെ ധീരകഥകൾ നടന്ന വയനാട്ടിനെ അപമാനിക്കുന്നത് പ്രതിഷേധാർഹമാണ്. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.